ബെംഗളൂരു: ബ്രസീലിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവിലെ 10.24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽനിന്ന് പിഎസ്‌എല്‍വി-സി 51 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്. ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും കൃത്രിമോപഗ്രഹത്തിലുണ്ട്. ആമസോണിയ-1ന് ഒപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിന്‍റെ നാലും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ 14 ഉപഗ്രഹങ്ങളുമാണ് ആമസോണിയ-1ന് ഒപ്പം വിക്ഷേപിച്ചത്. പിഎസ്‌എൽവിയുടെ 53-ാമത് ദൗത്യമാണിത്. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിന്‍റെ നാല് ഉപഗ്രഹങ്ങളിൽ സ്വകാര്യ കമ്പനിയായ സ്പേസ് കിഡ്‌സ് ഇന്ത്യ നിർമിച്ച സതീഷ് ധവാൻ ഉപഗ്രഹവും ഉൾപ്പെടുന്നുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബഹിരാകാശ ഗവേഷണത്തിന്‍റെ ഒപ്റ്റിക്കൽ എർത്ത് നിരീക്ഷണ ഉപഗ്രഹമാണ് ആമസോണിയ-1. ആമസോൺ മേഖലയിലെ വനനശീകരണം നിരീക്ഷിക്കുന്നതിനും ബ്രസീലിയൻ പ്രദേശത്തുടനീളം വൈവിധ്യമാർന്ന കാർഷിക മേഖലയുടെ വിശകലനത്തിനും ഉപയോക്താക്കൾക്ക് വിദൂര സെൻസിംഗ് ഡാറ്റ നൽകിക്കൊണ്ട് ഈ ഉപഗ്രഹം നിലവിലുള്ള ഘടനയെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്‍റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1.