ശ്രീഹരികോട്ട: ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യം വിജയം. പ്രളയ സാധ്യതകള്‍ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ഇഒഎസ് 04 ഉള്‍പ്പടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇന്ന് പുലര്‍ച്ചെ 05.59ന് (14.02.2022) ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്‌എല്‍വി സി-52 എന്ന റോക്കറ്റില്‍ വിക്ഷേപിച്ചത്. ഇസ്രൊ ചെയർമാനായി എസ് സോമനാഥ് എത്തിയതിന് ശേഷമുള്ള ആദ്യം വിക്ഷേപണം എന്ന പ്രത്യേകതയുമുണ്ട്.
റഡാർ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് 04 ആണ് പ്രധാന ഉപഗ്രഹം. ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങളെടുക്കാൻ ഇഒഎസ് 04ന് സാധിക്കും. കാർഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ടം മേഖലകളെയും നിരീക്ഷിക്കുന്നതിനും പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള ഗവേഷണത്തിനുമെല്ലാം ഉപഗ്രഹം നൽകുന്ന വിവരങ്ങൾ മുതൽക്കൂട്ടായിരിക്കുമെന്നാണ് ഇസ്രൊ അറിയിക്കുന്നത്.
പത്ത് വർഷത്തെ ദൗത്യ കാലാവധിയാണ് ഇഒഎസ് 04ന് നൽകിയിരിക്കുന്നത്. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്. ഇൻസ്പയർ സാറ്റ് 1 എന്ന കുഞ്ഞൻ ഉപഗ്രഹമാണ് മറ്റൊന്ന്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഫോർ അറ്റമോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സും ചേർന്ന് ഇൻസ്പയർ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണിത്.
ഇന്ത്യ- ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐഎൻഎസ് -2ടിഡിയാണ് മൂന്നാമത്തെ ഉപഗ്രഹം.