ഹൈദരാബാദ് : വിദ്യാഭ്യാസം, വൈദ്യം, ഫാർമ എന്നീ മേഖലകളിലെ ഗവേഷണങ്ങളിലൂടെ ശരീരാവയവങ്ങളെയും മൃതകോശങ്ങളെയും ചികിത്സിക്കാനാവുമെന്നും ഇതിലൂടെ മനുഷ്യായുസ് ഇരുന്നൂറോ മുന്നൂറോ വർഷം വരെ വർധിപ്പിക്കാനാവുമെന്നും ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥ് (ISRO chairman S Somanath). സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഒരാളുടെ ശരാശരി ആയുർദൈർഘ്യം 35 വർഷമായിരുന്നെന്നും എന്നാൽ ഇപ്പോൾ അത് 70 വർഷമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്‌ച (ജനുവരി 7) നടന്ന ഹൈദരാബാദ് ജെഎൻടിയു (JNTU)വിലെ 12-ാമത് കോൺവൊക്കേഷനിൽ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ രഹസ്യങ്ങൾ പുറത്തെത്തിക്കുന്നതിനായി ഐഎസ്ആർഒ എങ്ങനെയാണ് കുറഞ്ഞ ചെലവിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കിണറ്റിലെ തവളകളെ പോലെ ആവാതെ വിദ്യാർഥികൾ കാഴ്‌ചപ്പാടുകൾ വിശാലമാക്കി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അവരുടെ പഠനത്തെയും ഗവേഷണത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കണമെന്ന് സോമനാഥ് വിദ്യാർഥികൾക്ക് ഉപദേശം നൽകി. പരാജയത്തെ ഭയക്കാതെ ദൗർബല്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവണമെന്ന് അദ്ദേഹം വിദ്യാർഥികളോടായി പറഞ്ഞു.
'ഒരാൾ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെട്ടാൽ അവനോ അവൾക്കോ ചുറ്റുമുള്ളവരിൽ നിന്നും സമ്മർദം നേരിടേണ്ടിവരും. അത് എല്ലാ കാര്യങ്ങളുടെയും അവസാനമാണെന്ന് നിങ്ങൾ കരുതിയേക്കാം. പക്ഷേ നിങ്ങൾ പിന്മാറരുത്. വിദ്യാർഥി ആയിരിക്കുമ്പോൾ ഒന്നോ രണ്ടോ പരീക്ഷകളിൽ ഞാനും തോറ്റിട്ടുണ്ട്. വ്യക്തിപരമായും തൊഴിൽപരമായും പരാജയങ്ങൾ വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. പിന്നീട് ജീവിത്തതിൽ നമ്മൾ പരാജയം മറക്കും' -സോമനാഥ് വിദ്യാർഥികളോട് പറഞ്ഞതിങ്ങനെ.
വിദ്യാർഥികൾ പരാജയത്തെ ചവിട്ടുപടിയായി ഉപയോഗിക്കണമെന്നും തെറ്റുകൾ അംഗീകരിച്ച് വിജയം നേടാൻ തുടർന്ന് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുന്നതുമാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുമ്പോൾ തനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് സോമനാഥ് പറഞ്ഞു.
ബഹിരാകാശ പഠനത്തിന് സർട്ടിഫിക്കറ്റ് കോഴ്‌സുമായി ഐഎസ്ആർഒ : റോബോട്ടിക് സാങ്കേതിക വിദ്യയിൽ താൽപര്യമുള്ള വിദ്യാർഥികൾ അത്യാധുനിക രീതിയിൽ റോബോട്ടുകൾ നിർമിച്ചാൽ ഐഎസ്ആർഒയുടെ (ISRO) ചൊവ്വയിലും ശുക്രനിലും നടത്തുന്ന ഭാവി പരീക്ഷണങ്ങളിൽ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർഥികൾക്ക് ബഹിരാകാശ പഠനത്തിൽ താത്‌പര്യം ജനിപ്പിക്കാനായി 'യുവിക' എന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചു. കോഴ്‌സിന്‍റെ വിശദാംശങ്ങൾ ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം പിഎസ്എൽവി (PSLV), ജിഎസ്എൽവി (GSLV) എന്നിവയെ ഭ്രമണപഥത്തിലേക്ക് അയക്കുമെന്നും ഇവയിലൂടെ കൊടുങ്കാറ്റും കനത്ത മഴയും എപ്പോൾ, ഏവിടേയ്‌ക്ക് എത്തുമെന്ന് കൃത്യമായി അറിയാൻ സാധിയ്‌ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷത്തിനുള്ളിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ (Gaganyaan) പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അദ്ദേഹത്തിന് ഓണററി ഡോക്‌ടറേറ്റ് നൽകി ആദരിച്ചു. കോൺവൊക്കേഷനിൽ 54 വിദ്യാർഥികൾക്ക് അദ്ദേഹം സ്വർണ മെഡലുകൾ നൽകി. സർവകലാശാല വിസി പ്രൊഫ. കട്ട നരസിംഹ റെഡ്ഡി, രജിസ്ട്രാർ മൻസൂർ ഹുസൈൻ, റെക്‌ടർ ഗോവർദ്ധൻ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ തമിഴിസൈ സൗന്ദരരാജൻ വിദ്യാർഥികൾക്കായി വീഡിയോ സന്ദേശം അയച്ചിരുന്നു. വീഡിയോ സന്ദേശത്തിൽ ജെഎൻടിയു രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക സർവകലാശാലയാണെന്ന് തമിഴിസൈ പറഞ്ഞു.