ന്യൂഡല്‍ഹി: ഇസ്രായേലിലെ നാഷണൽ ഡിഫൻസ് കോളജിൽ നിന്നുള്ള 32 അംഗ സംഘം വ്യാഴാഴ്ച ദേശീയ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനടുത്ത് ഇന്ത്യൻ സർക്കാർ നിർമ്മിച്ചതാണ് ദേശീയ യുദ്ധസ്മാരകം. സ്വാതന്ത്ര്യാനന്തരം വിവിധ യുദ്ധങ്ങളിലും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളിലും വീരചരമം പ്രാപിച്ച ജവാന്മാര്‍ക്ക് ആദരസൂചകമായാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.
നാല് സര്‍ക്കിളുകളാണ് സ്മാരകത്തിലുള്ളത്. അമര്‍ ചക്ര (അമരത്വത്തെ സൂചിപ്പിക്കുന്നു), വീരത ചക്ര (ധീരതയെ സൂചിപ്പിക്കുന്നു), ത്യാഗ് ചക്ര (ത്യാഗത്തെ സൂചിപ്പിക്കുന്നു), രക്ഷക് ചക്ര (സംരക്ഷണത്തെ സൂചിപ്പിക്കുന്നു).
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ- ഇസ്രായേല്‍ ബന്ധം മികച്ച രീതിയിലാണ് തുടരുന്നത്. പ്രത്യേകിച്ച് പ്രതിരോധം, സുരക്ഷ മേഖലകളിൽ ഇരു രാജ്യങ്ങളും ആശയങ്ങൾ പങ്കുവയ്ക്കാറുണ്ട്. രാജ്യങ്ങൾ തമ്മില്‍ തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുകയും തമ്മില്‍ സഹകരിക്കുകയും ചെയ്യുന്നുണ്ട്.