കണ്ണൂർ : ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമാകുമ്പോൾ തിരക്കിട്ട പണിയിലാണ് കണ്ണൂരിലെ ഒരു കൂട്ടം തയ്യൽ തൊഴിലാളികൾ. ഇസ്രയേൽ പൊലീസ് സേനയ്‌ക്ക് വേണ്ടി യൂണിഫോം തയാറാക്കുകയാണിവർ (Israel Police Uniform Made In Kannur). ജില്ലയിലെ മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡിലെ (Maryan Apparel Pvt Limited) നൂറുകണക്കിന് തയ്യൽ തൊഴിലാളികളാണ് കഴിഞ്ഞ എട്ട് വർഷമായി ഇസ്രയേൽ പൊലീസ് സേനയ്‌ക്ക് യൂണിഫോം തയ്‌ച്ച് നൽകുന്നത്.
യുദ്ധം ആരംഭിച്ചതോടെ ഇസ്രയേൽ പൊലീസ് സേനയ്‌ക്കായി കൂടുതൽ യൂണിഫോമുകൾ ആവശ്യപ്പെട്ട് ലഭിച്ച അധിക ഓര്‍ഡർ തയാറാക്കുന്നതിന്‍റെ തിരക്കിലാണ് ഈ തയ്യൽ തൊഴിലാളികൾ. ഇസ്രയേൽ സേനയുടെ നീല നിറത്തിലുള്ള യൂണിഫോം ഷർട്ടുകളാണ് കണ്ണൂരിൽ തയ്‌ച്ചെടുക്കുന്നത്. നീളൻ കൈയുമുള്ള യൂണിഫോമിൽ ഡബിൾ പോക്കറ്റുകൾക്ക് പുറമെ സ്ലീവുകളിൽ ട്രേഡ്‌മാർക്ക് ചിഹ്നങ്ങൾ രൂപകൽപന ചെയ്‌ത് യോജിപ്പിക്കുന്നതും ഇവർ തന്നെയാണ്.
മുംബൈ ആസ്ഥാനമായുള്ള മലയാളി വ്യവസായി തോമസ് ഓലിക്കലാണ് 1500 ലധികം പരിശീലനം ലഭിച്ച ജീവനക്കാരുള്ള വസ്‌ത്ര നിർമാണ യൂണിറ്റിന്‍റെ ഉടമ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയാണ് തോമസ്. യുദ്ധാന്തരീക്ഷത്തിൽ ലഭിച്ച അധിക ഓർഡറിനെ തുടർന്ന് രാപ്പകൽ തിരക്കിലാണ് തൊഴിലാളികൾ. കൈത്തറി നിർമാണത്തിന്‍റെയും തുണിത്തരങ്ങളുടെ കയറ്റുമതി പാരമ്പര്യത്തിലും പേര് കേട്ട ജില്ലകൂടിയാണ് കണ്ണൂര്‍.
അതേസമയം, ഈ വർഷം മുതൽ പുതിയ ഒരു ഉത്‌പന്നത്തിന് ഓർഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഡിസംബറോടെ ആദ്യ കയറ്റുമതി നടത്തുമെന്നും തോമസ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, ആരോഗ്യ സേവന പ്രവർത്തകർ എന്നിവരുടെ യൂണിഫോം തയാറാക്കുന്നതിൽ വൈദഗ്‌ധ്യം നൽകി കൊണ്ട് 2006 ൽ സർക്കാർ ഉടമസ്ഥതയിലുള്ള കിൻഫ്ര പാർക്കിലാണ് കമ്പനി ആദ്യമായി ആരംഭിച്ചത്. സ്‌കൂൾ യൂണിഫോം, സൂപ്പർമാർക്കറ്റ് ജീവനക്കാർക്കുള്ള വസ്‌ത്രങ്ങൾ, ഡോക്‌ടർമാരുടെ കോട്ടുകൾ, കോർപ്പറേറ്റ് വസ്‌ത്രങ്ങൾ എന്നിവയും യൂണിറ്റ് തയാറാക്കിയിരുന്നു.
പിന്നീട് കണ്ണൂരിലെ പരമ്പരാഗത ബീഡി നിർമാണ മേഖലയുടെ തകർച്ചയെ തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട തദ്ദേശവാസികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ യൂണിറ്റ് കണ്ണൂരിലേയ്‌ക്ക് മാറ്റി. യൂണിഫോം നിർമാണത്തിലെ തങ്ങളുടെ വൈദഗ്‌ധ്യം മനസിലാക്കി ഇസ്രയേൽ പൊലീസിന്‍റെ പ്രതിനിധികൾ യൂണിറ്റിനെ സമീപിക്കുകയും മുംബൈയിൽ വന്ന് ഇടപാടിനെക്കുറിച്ച് ചർച്ച നടത്തുകയുമായിരുന്നെന്ന് തോമസ് പറഞ്ഞു. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ, ഡിസൈനർമാർ, ക്വാളിറ്റി കൺട്രോളർ എന്നിവരോടൊപ്പം കമ്പനി സന്ദർശിച്ച ഇസ്രയേൽ പൊലീസ് ഏകദേശം 10 ദിവസത്തോളം തങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കരാർ നൽകിയത്.
ഗുണമേന്മയുടെ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തുന്നവരാണ് ഇസ്രയേൽ സേനയെന്നും തോമസ് പറഞ്ഞു. ഒക്‌ടോബർ ഏഴിനാണ് ഇസ്രയേൽ - പലസ്‌തീൻ യുദ്ധം (Israel - Hamas war) ആരംഭിച്ചത്.