ഗാന്ധിനഗർ: കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ അഹമ്മദാബാദ് സെൻട്രൽ ജയിലിൽ 50 കിടക്കകളുള്ള വാർഡ് ക്രമീകരിച്ചു. നിലവിൽ 37 തടവുകാർ ഇവിടെ ചികിത്സയിലാണ്. കൊവിഡ് സാഹചര്യം നേരിടാൻ ജയിലിൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അഹമ്മദാബാദ് സെൻട്രൽ ജയിലിലെ ഡിവൈഎസ്പി ഡിവി റാണ ഇടിവി ഭാരതിനോട് പറഞ്ഞു.
എല്ലാ രോഗികളെയും സിവിൽ ഹോസ്പിറ്റലിലേക്കോ സമ്രാസ് കൊവിഡ് കെയർ കേന്ദ്രത്തിലേക്കോ അയയ്ക്കുമ്പോൾ കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടായിട്ടും പരിശോധന ഫലം നെഗറ്റീവായവരെ ജയിലിനുള്ളിൽ മുൻകരുതലായി 14 ദിവസം ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. രാജ്കോട്ടിൽ 29 തടവുകാർക്കും 5 ജയിൽ ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്കോട്ടിലും പകർച്ചവ്യാധി അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ് ദിവസെന 500 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച എല്ലാ തടവുകാർക്കും പ്രത്യേക ഹാൾ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്ന ഏതൊരു തടവുകാരനും റാപ്പിഡ് പരിശോധനയ്ക്ക് വിധേയമാകണം. വിചാരണ നേരിടുന്ന 421 തടവുകാരിൽ 3 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്വസ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ട ഒരു തടവുകാരനെ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന് ചികിത്സയ്ക്കിടെ അയാൾ മരിക്കുകയായിരുന്നു.ഇതിന് മൂന്ന് ദിവസം മുമ്പ് മറ്റൊരു തടവുകാരനും കൊവിഡ് ബാധിച്ച് മരിച്ചു. മറ്റ് രണ്ട് പേർ ചികിത്സയിലാണ്.
വരും ദിവസങ്ങളിൽ തടവുകാരുടെ പരിശോധനയും വാക്സിനേഷനും നടത്തും. ജാംനഗർ ജയിലിൽ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ജയിൽ സൂപ്രണ്ട് എസ് ജഡേജ പറഞ്ഞു. ആരോഗ്യ വകുപ്പ് ജയിലിൽ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നു. അസുഖം ബാധിച്ച ഏതൊരു തടവുകാരനെയും ചികിത്സയ്ക്കായി ജിജി ആശുപത്രിയിലേക്ക് അയയ്ക്കുകയും അവിടെ കൊവിഡ് പരിശോധന നടത്തുകയും ചെയ്യുന്നു. ജില്ലാ ജയിലിലെ രണ്ട് തടവുകാർക്ക് 20 ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചു. അവർ ജിജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിട്ടുണ്ട്.