മായാപൂർ: പശ്ചിമ ബംഗാളിലെ മായാപൂരിൽ ഇസ്‌കോൺ സന്യാസിക്കെതിരെ പുരുഷ ഗാർഡിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്‌ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) സന്ന്യാസി ജഗദ്ധാത്രി ദാസിനെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പുരുഷ ഗാർഡിന്‍റെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
ഐപിസി 342 (തടഞ്ഞുവയ്ക്കൽ), 377 (പ്രകൃതിവിരുദ്ധ പീഡനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാദിയ ജില്ലയിലെ നബദ്‌വിപ്പിലെ മായാപൂരിലെ ഇസ്കോൺ ക്ഷേത്ര ആസ്ഥാനം ചീഫ് കോഡിനേറ്റർ കൂടിയായ പ്രതി ജഗദ്ധാത്രി ദാസിനെതിരെയുള്ള പരാതി വ്യാപകമായ പ്രതിഷേധമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി.
ഇരയായ യുവാവ് നവദ്വീപ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. പ്രതി ഒളിവിലാണെന്നും അറസ്റ്റിനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് ഇഷാനി ദാസ് പറഞ്ഞു. ഇസ്‌കോണിൽ കഴിഞ്ഞ ആറ് വർഷമായി മഠത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് സെക്യൂരിറ്റി ജീവനക്കാരൻ. സന്യാസിയുമായി വളരെ അടുപ്പത്തിലായിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ.
സന്യാസിയെ കാണാൻ ഓഫിസിലേക്ക് പോയ സെക്യൂരിറ്റി ജീവനക്കാരനെ റൂമിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പറയരുതെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തു. പുറത്ത് പറഞ്ഞാൽ ജോലി നഷ്‌ടമാകുമെന്നും ജഗദ്ധാത്രി ദാസ് പറഞ്ഞു. ഈ കാരണത്താലാണ് സെക്യൂരിറ്റി ജീവനക്കാരൻ പരാതി നൽകാൻ വൈകിയത്.
പ്രശ്‌നം പുറത്തറിഞ്ഞതോടെ സന്ന്യാസിയെ മഠത്തിൽ നിന്ന് പുറത്താക്കുമെന്ന് മഠം അധികൃതർ അറിയിച്ചു. ആരോപണവിധേയനായ സന്യാസി നേരത്തെയും ലൈംഗികാരോപണത്തിന് വിധേയനായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.