ജയ്‌പൂർ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയ്‌ക്ക് വിവരങ്ങൾ പങ്കുവച്ച ചാരനെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്‌തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ (Pakistan Intelligence Agency) ഐഎസ്‌ഐയുടെ ഹണി ട്രാപ്പിൽ കുടുങ്ങി തന്ത്രപരമായ വിവരങ്ങൾ പങ്കുവെച്ച നരേന്ദ്ര കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത് (ISI Spy Caught In Honey Trap Arrested).
ഐഎസ്‌ഐയുടെ (Inter Services Intelligence-ISI) പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കെ, ബിക്കാനീറിലെ ഇന്ത്യ-പാകിസ്ഥാൻ രാജ്യാന്തര അതിർത്തിക്കടുത്തുള്ള ആനന്ദ്ഗഡ് ഖജുവാലയിൽ താമസിക്കുന്ന നരേന്ദ്ര കുമാർ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ടതായും സോഷ്യൽ മീഡിയയിലൂടെ രണ്ട് സ്ത്രീ ഹാൻഡ്‌ലർമാരുമായി വിവരങ്ങൾ പങ്കുവച്ചതായുമുള്ള വിവരം ലഭിച്ചതായി അഡീഷണൽ ഡിജിപി എസ് സെൻഗതിർ പറഞ്ഞു.
ചോദ്യം ചെയ്യലിൽ രണ്ട് വർഷം മുമ്പ് ഫേസ്ബുക്കില്‍ പൂനം ബജ്‌വ എന്ന പേരിലുള്ള ഒരു അക്കൗണ്ടുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് നരേന്ദ്ര കുമാർ പറഞ്ഞതായി സെൻഗതിർ പറഞ്ഞു. ഭട്ടിൻഡയിലെ താമസക്കാരിയാണെന്ന് സ്വയം വിശേഷിപ്പിച്ച പൂനം, താൻ ബിഎസ്എഫിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ടു.
പൂനം നരേന്ദ്രനുമായി അടുപ്പം സൃഷ്‌ടിക്കുകയും ഭാവിയിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്‌തുവെന്നും തങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകൾ പങ്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. റോഡ് പാലങ്ങൾ, ബിഎസ്എഫ് പോസ്റ്റുകൾ, ടവറുകൾ, സൈനിക വാഹനങ്ങളുടെ ഫോട്ടോകൾ, നിരോധിത സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും തുടങ്ങി അന്താരാഷ്‌ട്ര അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പൂനം ആവശ്യപ്പെടാറുണ്ടായിരുന്നതായി നരേന്ദ്ര പറഞ്ഞു.
മറ്റൊരു വനിതാ പാകിസ്ഥാൻ ഹാൻഡ്‌ലറുമായി കുറച്ച് കാലത്തെ ബന്ധം നരേന്ദ്രയ്‌ക്കുണ്ടായിരുന്നതായും സെൻഗതിർ പറഞ്ഞു. സുനിത എന്ന യുവതി മാധ്യമപ്രവർത്തകയാണെന്ന് പരിചയപ്പെടുത്തി അതിർത്തി പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഈ ഏജന്‍റുമായും തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണിന്‍റെ സാങ്കേതിക പരിശോധനയ്‌ക്കിടെ പാക് വനിതാ ഹാൻഡ്‌ലർമാരുടെ ഹണിട്രാപ്പിൽ കുടുങ്ങിയതായും രാജ്യാന്തര അതിർത്തി മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതായും അദ്ദേഹം പറഞ്ഞു. 1923 ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്‌ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
വിവരങ്ങള്‍ പങ്കുവച്ചു ഒടുവില്‍ പിടിയില്‍: പാകിസ്ഥാൻ ഏജൻസിയുടെ ചാരനായി പ്രവർത്തിച്ചിരുന്നയാളെ ഗുജറാത്ത് പൊലീസിന്‍റെ ആന്‍റി ടെററിസം സ്‌ക്വാഡ് താരാപൂർ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്‌തു (20-10-23). ആനന്ദിൽ നിന്നുള്ള ചാരവൃത്തി ഏജന്‍റെന്ന് സംശയിക്കുന്ന പ്രതി ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ചതായി കണ്ടെത്തി. ഏറെ നാളായി ഗുജറാത്ത് എടിഎസ് ഇയാളെ നിരീക്ഷിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ ഇയാൾ ഹാക്ക് ചെയ്യാറുണ്ടായിരുന്നു.