ന്യൂഡൽഹി : 2022ലെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആദ്യ നാല് റാങ്കുകളും വനിതകൾക്ക്. ഡൽഹി സർവകലാശാല ബിരുദധാരിയായ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഇന്ന് രാവിലെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഗരിമ ലോഹ്യ, ഉമ ഹരതി എൻ, സ്‌മൃതി മിശ്ര എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും റാങ്കുകൾ നേടി.
ഗരിമയും സ്‌മൃതി മിശ്രയും ഡൽഹി സർവകലാശാലയില്‍ നിന്നുള്ള ബിരുദധാരികളാണ്. ഉമ ഹരതി ഹൈദരാബാദ് ഐഐടിയിൽ നിന്നുള്ള ബിടെക് ബിരുദധാരിയാണ്. 2021ലെ സിവിൽ സർവീസ് പരീക്ഷയിലും ആദ്യ മൂന്ന് റാങ്കുകൾ വനിത ഉദ്യോഗാർഥികൾക്ക് തന്നെയായിരുന്നു. 2022ലെ സിവിൽ സർവീസ് പരീക്ഷയിൽ മൊത്തം 933 പേരാണ് വിവിധ വകുപ്പുകളിലായി യോഗ്യത നേടിയിട്ടുള്ളത്. 613 പുരുഷന്മാരും 320 സ്‌ത്രീകളുമാണ് യോഗ്യത നേടിയതെന്ന് കമ്മിഷൻ അറിയിച്ചു.
ആദ്യ 25 ഉദ്യോഗാർഥികളിൽ 14 സ്‌ത്രീകളും 11 പുരുഷന്മാരുമാണ് ഉള്ളത്. അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നീ വകുപ്പുകളിലേയ്‌ക്കായി പ്രെലിമിനറി, മെയിൻ, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസ്‌സി പരീക്ഷ നടത്തുന്നത്. ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇഷിത പൊളിറ്റിക്കൽ സയൻസും ഇന്‍റർനാഷണൽ റിലേഷൻസുമാണ് പ്രധാന വിഷയമായി തെരഞ്ഞെടുത്തിരുന്നത്.
റാങ്കുകാരുടെ വിദ്യാഭ്യാസ യോഗ്യത : ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദധാരിയാണ് ഇഷിത. ഡൽഹി സർവകലാശാലയിലെ കിരോരിമൽ കോളജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ ലോഹ്യ കൊമേഴ്‌സും അക്കൗണ്ടൻസിയും ഒപ്ഷണൽ വിഷയമാക്കിയാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. ആദ്യ 25 റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ്, ശാസ്‌ത്രം കൂടാതെ ഐഐടി, എൻഐടി, ഡൽഹി സർവകലാശാല, ഗുജറാത്ത് നാഷണൽ ലോ സർവകലാശാല, ജാദവ്‌പൂർ സർവകലാശാല, ജിവാജി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള കൊമേഴ്‌സ്, മെഡിക്കൽ സയൻസ് ബിരുദങ്ങൾ എന്നിവയാണ്.
ആകെ 1,022 ഒഴിവുകൾ : ഇത്തവണ ആകെ യോഗ്യത നേടിയവരിൽ 345 പേർ ജനറൽ വിഭാഗത്തിലും 99 പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും (ഇഡബ്ല്യുഎസ്), 263 പേർ മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), 154 പേർ പട്ടികജാതി (എസ്‌സി), 72 പേർ പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്. ആകെ 1,022 ഒഴിവുകളാണ് സിവിൽ സർവീസ് രംഗത്ത് നിലവിലുള്ളത്. ഇതിൽ 180 ഐഎഎസ്, 38 ഐഎഫ്എസ്, 200 ഐപിഎസ്, 473 ഗ്രൂപ്പ് എ സെൻട്രൽ സർവീസ്, 131 ഗ്രൂപ്പ് ബി സർവീസ് എന്നിവ ഉൾപ്പെടുന്നുവെന്നാണ് യുപിഎസ്‌സി അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ജൂൺ അഞ്ചിനാണ് 2022ലെ സിവിൽ സർവീസ് പ്രെലിമിനറി പരീക്ഷ നടന്നത്. മൊത്തം 11,35,697 ഉദ്യോഗാർഥികൾ പരീക്ഷയ്‌ക്ക് അപേക്ഷിക്കുകയും 5,73,735 ഉദ്യോഗാർഥികൾ എഴുതുകയും ചെയ്‌തിരുന്നു. സെപ്‌റ്റംബറിൽ നടന്ന എഴുത്ത് പരീക്ഷയിൽ 13,090 ഉദ്യോഗാർഥികളാണ് യോഗ്യത നേടിയത്. 2,529 പേർ വ്യക്തിത്വ പരീക്ഷയ്ക്കും യോഗ്യത നേടിയിരുന്നു.