കാബൂള്‍ : അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാരയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ് (Islamic State). ശനിയാഴ്‌ച പുലർച്ചെയുണ്ടായ സംഭവത്തില്‍ സമുദായാംഗവും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചക വിരുദ്ധ പരാമര്‍ശമാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് ഭീകര സംഘടന അറിയിച്ചു.
''ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമാക്കിയുള്ളതാണ് ഈ ആക്രമണം. ഒപ്പം അവരെ സംരക്ഷിച്ച വിശ്വാസത്തെ ഒറ്റിയവര്‍ക്കുമെതിരായ പ്രതികാരം. അല്ലാഹുവിന്‍റെ റസൂലിനുള്ള (ദൂതന്‍) പിന്തുണ''. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐ.എസ്.കെ.പി) അവരുടെ ടെലഗ്രാം ചാനലില്‍ സന്ദേശമായി കുറിച്ചു.
പുറമെ കാർ ബോംബ് സ്‌ഫോടനവും : ഏഴ് തോക്കുധാരികൾ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രവേശന കവാടത്തിൽ നിന്നിരുന്ന സുരക്ഷ സേനയ്‌ക്ക് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അക്രമികളെ വകവരുത്തിയതായി കാബൂൾ പൊലീസ് അറിയിച്ചിരുന്നു.
ALSO READ| കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം: സിഖ് വിശ്വാസി ഉൾപ്പെടെ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ പ്രദേശത്ത് കാർ ബോംബ് സ്‌ഫോടനം നടത്തിയെങ്കിലും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ മെയ് 26ന് ടെലിവിഷന്‍ ചര്‍ച്ചയിലാണ് മുഹമ്മദ് നബിയ്‌ക്കെതിരായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതിനിടെ വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് മറ്റൊരു ബി.ജെ.പി നേതാവായ നവീന്‍ കുമാര്‍ ജിന്‍ഡാല്‍ ട്വീറ്റ് ചെയ്‌തു.
ഇത് ഇസ്ലാമിക രാജ്യങ്ങളുടെ കടുത്ത വിമര്‍ശനത്തിന് വഴിതുറന്നതോടെ ഇരുവരെയും ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.