ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗമെന്ന പരീക്ഷണ ഘട്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഇറാന്‍. കൊവിഡ് പ്രതിരോധത്തിനായി 300 ഓളം ഓക്‌സിജന്‍ കോൺസൻട്രേറ്ററുകളാണ് ഇറാന്‍ അയച്ചത്. പശ്ചിമേഷ്യന്‍ രാജ്യത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വെള്ളിയാഴ്‌ച വൈകുന്നേരം ന്യൂഡല്‍ഹിയില്‍ എത്തി.
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 300 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഇന്ത്യയിലേക്ക് സംഭാവന ചെയ്‌തുവെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി ട്വീറ്റ് ചെയ്‌തു. മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമായുള്ള ഇറാന്‍റെ ഏറ്റുമുട്ടൽ സുഹൃത്തുക്കളെ സഹായിക്കുന്നതിന് തടസമാകില്ലെന്നും എംബസി ട്വിറ്ററില്‍ കുറിച്ചു.
Read more: ഇന്ത്യയിലേക്ക് രണ്ടാം ഘട്ട മെഡിക്കൽ സഹായങ്ങൾ അയച്ച് ബംഗ്ലാദേശ്
കൊവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഇന്ത്യയ്ക്ക് അയല്‍ രാജ്യമായ ബംഗ്ലാദേശ് മുതല്‍ യുഎസ്, ബ്രിട്ടന്‍, റഷ്യ, യുഎഇ, തായ്‌ലാന്‍ഡ്, ഫ്രാന്‍സ്, റൊമാനിയ, സ്വിറ്റ്സര്‍ലണ്ട്, നെതര്‍ലണ്ട് തുടങ്ങി ഒട്ടേറെ രാജ്യങ്ങളാണ് മെഡിക്കല്‍ ഉപകരണങ്ങളുടേയും വൈദ്യ സഹായത്തിന്‍റേയും രൂപത്തില്‍ സഹായവുമായി എത്തിയത്.
അതേ സമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയം പങ്കുവച്ച കണക്കുകള്‍ പ്രകാരം 1,86,364 പേർക്കാണ് കഴിഞ്ഞദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 44 ദിവസത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണിത്.
Read more: കുത്തനെ കുറഞ്ഞ് കൊവിഡ്; രാജ്യത്ത് 1.86 ലക്ഷം പേർക്ക് കൂടി രോഗബാധ