ന്യൂഡൽഹി: 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (International Olympic Committee) യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബർ 15 മുതൽ 17 വരെ മുംബൈയിലാണ് ഐഒസി 141-ാം സെഷൻ നടക്കുക (IOC Session At India- Mumbai Chosen As Venue For 141 st Session). 76 ൽ 75 വോട്ടുകൾ നേടിയാണ് ഇന്ത്യ ഒളിമ്പിക് കമ്മിറ്റി യോഗത്തിന്‍റെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. യോഗത്തിന് മുന്നോടിയായി ഒക്‌ടോബർ 12, 13 തീയതികളിൽ ഐഒസി എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ചേരും. 14 ന് മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിലാണ് ഐഒസി സെഷൻ നടക്കുന്നത്.
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയായ നിത അംബാനിയാണ് (Nita Ambani) ഇന്ത്യയിൽ ഒളിമ്പിക് കമ്മിറ്റി യോഗം സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്. ഒളിമ്പിക് ഗെയിംസ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന നിത അംബാനിയുടെ ദീർഘകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ പടിയാണ് ഈ ഒളിമ്പിക് കമ്മിറ്റി യോഗം.
"സ്പോർട്‌സ് എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയുടെയും പ്രചോദനത്തിന്‍റെയും പ്രതീകമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്ന് എന്ന നിലയിൽ, ഇന്ത്യയുടെ യുവാക്കളെ ഒളിമ്പിക്‌സിന്‍റെ മാസ്‌മരികത പരിചയപ്പെടുത്താൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്. സമീപഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുക എന്നതാണ് ഞങ്ങളുടെ അഭിലാഷം." തന്‍റെ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നിത അംബാനി പറഞ്ഞു.
2022 ഫെബ്രുവരിയിൽ ബെയ്‌ജിങിൽ നടന്ന 139-ാം ഐഒസി സെഷനിലാണ് 141-ാമത് ഐഒസി സെഷൻ ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചത്. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, നിത അംബാനി, ഐഒഎ പ്രസിഡന്‍റ് നരീന്ദർ ബത്ര, കായിക മന്ത്രി അനുരാഗ് താക്കൂർ എന്നിവർ ഇന്ത്യയുടെ ഹോസ്റ്റിംഗ് അവകാശങ്ങൾക്കുള്ള നാമനിർദേശം സമർപ്പിച്ചു. 75 അംഗങ്ങൾ മുംബൈയെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്‍തത്.
ഇന്ത്യയിൽ നടന്ന ഐഒസി സെഷന്‍ ആഗോള കായിക പ്രമുഖരെ രാജ്യത്തേക്ക് കൊണ്ടുവരും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച്ച്, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ, ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോ, മൊണാക്കോയിലെ പ്രിൻസ് ആൽബർട്ട് II, പോൾവോൾട്ട് ചാമ്പ്യൻ യെലേന ഇസിൻബയേവ എന്നിവരും ഐഒസി 141-ാം സെഷനിൽ പങ്കെടുക്കും.
1983-ൽ 86-ാം പതിപ്പ് ന്യൂഡൽഹിയിൽ നടന്നതാണ് ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ച ഐഒസി സെഷൻ. അന്നുമുതൽ ഐഒസി സെഷനും ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കുക എന്ന ഇന്ത്യയുടെ സ്വപ്‌നം സ്വപ്‌നമായിത്തന്നെ തുടർന്നു. ആറ് വർഷം മുമ്പ് നിത അംബാനി സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ വനിതയായി കമ്മിറ്റിയിൽ ചേരുന്നത് വരെ ഐഒസിയിലെ പ്രാതിനിധ്യത്തിന്‍റെ അഭാവം ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് തടസ്സമായി. 141-ാമത് ഐഒസി സെഷന്‍റെ ആതിഥേയത്വം നേടിയതോടെ ഇന്ത്യയുടെ നിത അംബാനിയുടെ നിരന്തര ശ്രമങ്ങള്‍ കൂടിയാണ് ഫലം കണ്ടത്.
Also Read: അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു; കേസ് എൻഐഎക്ക്