ന്യൂഡൽഹി: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോട്ടറികൾ നിയന്ത്രിക്കാനുള്ള കേരള സർക്കാരിന്‍റെ അധികാരം ചോദ്യം ചെയ്‌ത് നാഗാലാൻഡ് നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടി സുപ്രീംകോടതി. ലോട്ടറികൾ നിയന്ത്രിക്കാനുള്ള സർക്കാരിന്‍റെ അധികാരം ശരിവച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുകൊണ്ടുള്ള അപ്പീലിലാണ് സുപ്രീംകോടതി പ്രതികരണം തേടിയത്.
2018ൽ കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതികൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവക്കുകയും അത് സംസ്ഥാന സർക്കാരിന്‍റെ നിയമനിർമാണ പരിധിയിൽ പെട്ടതാണെന്ന് പറയുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് നാഗാലാൻഡ് സർക്കാരിന്‍റെ ലോട്ടറി ടിക്കറ്റുകളുടെ വിപണനത്തിലും വിൽപനയിലും കേരള സർക്കാർ ഇടപെടുന്നത് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്.
ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കേരള സർക്കാരിന് നോട്ടീസ് അയച്ചത്. നോട്ടീസിൽ കേരളത്തിന് മൂന്നാഴ്‌ചക്കുള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ബെഞ്ച് നിർദേശിച്ചു.
നാഗാലാൻഡിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, 1998ലെ ലോട്ടറി (റെഗുലേഷൻ) നിയമത്തിന്‍റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നം എന്ന് സുപ്രീംകോടതിയിൽ വാദിച്ചു.