ഹൗറ (പശ്ചിമ ബംഗാൾ): ബിജെപി വക്താവ് നുപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തെ തുടർന്ന് ഹൗറ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും മൂന്ന് ദിവസത്തേക്ക് ഇന്‍റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച (ജൂൺ 10) വൈകുന്നേരം മുതൽ തിങ്കളാഴ്‌ച (ജൂൺ 13) രാവിലെ 6 വരെയാണ് ഇന്‍റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്.
കൊൽക്കത്തയിലെ സംസ്ഥാന പൊലീസ് ആസ്ഥാനമായ ഭവാനി ഭവനിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകളുടെ പ്രചരണം അവസാനിപ്പിക്കാനാണ് ഇന്‍റർനെറ്റ് വിച്ഛേദിച്ചത്. ഫോൺ കോളുകൾ ചെയ്യുന്നതിനോ എസ്എംഎസ് അയക്കുന്നതിനോ തടസമില്ല.
ഹൗറയിലെ കോന എക്‌സ്പ്രസ്‌വേയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തുടർന്ന് സലാപ്, ഡോംജൂർ തുടങ്ങി ജില്ലയുടെ ഗ്രാമീണ മേഖലയിലേക്കടക്കം വ്യാപിക്കുകയായിരുന്നു. ആഴ്‌ചയിലെ പ്രാർഥനയ്ക്ക് ശേഷം ആരംഭിച്ച പ്രതിഷേധം വൈകുന്നേരം ഒൻപത് മണി വരെ തുടർന്നു. ഹൗറ പൊലീസും ദ്രുതകർമ സേന ഉദ്യോഗസ്ഥരും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പാർക്ക് സർക്കസിലും സമീപ പ്രദേശങ്ങൾ ഉൾപ്പെടെ നഗരത്തിന്‍റെ പല ഭാഗത്തും നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നു.