ഹൈദരാബാദ് : നവംബർ 19 ന്, അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു (November 19, the global community celebrates International Men's Day). പുരുഷന്മാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും പോസിറ്റീവ് പുരുഷത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള പുരുഷന്മാരെയും ആൺകുട്ടികളെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവരുടെ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷത്വത്തിന്‍റെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗഭേദങ്ങൾക്കിടയിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതിനും പുരുഷന്മാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിശ്രമിക്കുന്നു.
ഈ വർഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്‍റെ ആശയം ആഗോളതലത്തിൽ പുരുഷന്മാരുടെ ആത്മഹത്യ അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. 'പൂജ്യം പുരുഷ ആത്മഹത്യ' (Zero Male Suicide) എന്നതാണ് പ്രധാന വിഷയം. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലുമുള്ള അവരുടെ പങ്കിനെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നതില്‍ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
ചരിത്രത്തിലേക്ക് (International Men's Day history) : 1992 നവംബർ 19 നാണ് യുനസ്കോ (UNESCO)യുടെ ആഹ്വാന പ്രകാരം പുരുഷ ദിനം ആചരിക്കാൻ തുടങ്ങിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ആണ് യുനസ്കോ ഈ ദിനം ആചരിക്കുന്നതിന് തുടക്കം കുറിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ലിംഗസമത്വം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, പോസിറ്റീവായ പുരുഷ മാതൃകകൾ പ്രദാനം ചെയ്യുക എന്നിങ്ങനെ പുരുഷന്മാർ നേരിടുന്ന വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത് 2007 മുതലാണ്. സേവ് ഇന്ത്യൻ ഫാമിലി എന്ന പുരുഷാവകാശ സംഘടനയാണ് പുരുഷ ദിനാചരണം ഇന്ത്യയിലേക്ക് എത്തിച്ചത്.
ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാര്‍ (Indian men suicide rate): കഴിഞ്ഞ ഏഴു വർഷത്തിനിടെ പുരുഷന്മാരുടെ ആത്മഹത്യയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2014-ൽ പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് 89,129 ആയിരുന്നു. ഇത് 2021-ൽ 1,18,979 ആയി ഉയർന്നു. താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീ ആത്മഹത്യ മരണങ്ങൾ 2014-ൽ 4,521 ആയിരുന്നു. 2021-ൽ 45,026 ആയി.
2021-ൽ വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് 2021-ൽ മൂന്നിരട്ടിയായി. ഒരു ലക്ഷത്തിൽ 24.3 മരണങ്ങൾ എന്നതാണ് കണക്ക്. സ്ത്രീകളിൽ ഇത് ഒരു ലക്ഷത്തിൽ 8.4 മരണങ്ങളാണ്.
ആരോഗ്യപരവും കുടുംബപരവുമായ പ്രശ്‌നങ്ങളുടെ സാന്നിധ്യവും ഇന്ത്യൻ പുരുഷന്മാർക്കിടയിലെ ആത്മഹത്യകൾ വർധിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ, ഏറ്റവും ഉയർന്ന ആത്മഹത്യ മരണനിരക്ക് (27.2%) 30-44 പ്രായമുള്ള പുരുഷന്മാരിൽ ആണെന്നാണ് റിപ്പോർട്ട്.
ഇത് 2014 ൽ 22.7% ആയിരുന്നു. അതേസമയം ഇതേ കാലയളവിൽ ആത്മഹത്യ ചെയ്‌ത 18നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ കണക്ക് 20%ല്‍ നിന്ന് 25.6% ആയി വര്‍ധിച്ചു. മൊത്തത്തിൽ, 2014 നും 2021 നും ഇടയിൽ, പുരുഷന്മാരുടെ ആത്മഹത്യ കേസുകൾ 33.5% വർധിച്ചു.
ദിവസവേതന തൊഴിലാളികളായ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മഹത്യയിൽ വലിയ വർധനവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. 2014 മുതൽ 2021 വരെ ഏകദേശം മൂന്നിരട്ടിയായി വർധിച്ചു. പുരുഷന്മാർ 13,944 ൽ നിന്ന് 37,751 ആയും സ്ത്രീകൾ 1,791 ൽ നിന്ന് 4,246 ആയും ഉയർന്നു. റിപ്പോർട്ട് അനുസരിച്ച്, 2021ൽ തൊഴിലില്ലാത്ത പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് 48.2%ഉം സ്‌ത്രീകളുടേത് 27.8% ഉം ആണ്. ഈ കാരണം കൊണ്ടാണ് ഈ വർഷം സീറോ മെയിൽ സൂയിസൈഡ് എന്ന ആശയം മുൻപോട്ടുവക്കുന്നത്.