ഭുവനേശ്വർ: 28കാരനായ ആനന്ദ് ടോപ്പോയുടെ മരണത്തിൽ ഇന്ത്യൻ ഹോക്കി താരവും ആനന്ദിന്‍റെ ബാല്യകാല സുഹൃത്തുമായ ബീരേന്ദ്ര ലക്രയ്‌ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ആനന്ദിന്‍റെ മാതാപിതാക്കൾ. ബീരേന്ദ്ര ലക്രയ്‌ക്കും സുഹൃത്ത് മഞ്‌ജീത് ടെറ്റെയ്‌ക്കും ആനന്ദ് ടോപ്പോയുടെ മരണത്തിൽ പങ്കുണ്ടെന്ന് വാർത്ത സമ്മേളനത്തിൽ കുടുംബാംഗങ്ങൾ ആരോപിച്ചു. വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം ഫെബ്രുവരി 26ന് ഭുവനേശ്വറിലെ ഇൻഫോസിറ്റി ഏരിയയിലെ വീട്ടിലാണ് ആനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവ ദിവസം ബീരേന്ദ്രയും മഞ്‌ജീതും വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മകന്‍റെ മരണത്തിൽ പരാതി നൽകിയിട്ടും പൊലീസിൽ നിന്ന് അന്വേഷണം ഉണ്ടാകുന്നില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആനന്ദിന്‍റെ കുടുംബം പറയുന്നു. ആനന്ദിന്‍റെ ബാല്യകാല സുഹൃത്തുക്കളായിരുന്നു ബീരേന്ദ്രയും മഞ്‌ജീതും.