ലഖ്‌നൗ : സുഹൃത്തിന്‍റെ വീട്ടിൽ വിരുന്നിനെത്തിയ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികളായ രണ്ട് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗാസിപൂരിലെ സെന്‍റ് പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാർഥിയായ ആകാശ് കാശ്യപ് (19) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. വിരുന്നിനിടെ സുഹൃത്തായ അഭയ്‌യുമായി 1000 രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച (ജൂൺ 17) ഗോമതി നഗറിലെ സുഹൃത്തായ അവ്‌നീഷിന്‍റെ വീട്ടിലായിരുന്നു വിരുന്ന് നടത്തിയിരുന്നത്. ആകാശിനെ കൂടാതെ അഭയ് പ്രതാപ് സിങ്, ദേവാൻഷ്, ജയ് എന്നിവരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ അഭയ് ആകാശിനോട് 1000 രൂപ ആവശ്യപ്പെടുകയും ഈ പണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയും ചെയ്‌തു. മറ്റുള്ള സുഹൃത്തുക്കൾ ചേർന്ന് തർക്കം രമ്യതയിലെത്തിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം പ്രകോപിതനായ അഭയ് കത്തിയെടുത്ത് ആകാശിനെ പലതവണ കുത്തുകയായിരുന്നു.
12 തവണ കുത്തേറ്റ ആകാശിനെ സുഹൃത്തുക്കൾ ചേർന്ന് ലോഹ്യ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് വിദ്യാർഥിയുടെ നില ഗുരുതരമായപ്പോൾ ഡോക്‌ടർമാർ വിദഗ്‌ദ ചികിത്സക്കായി കെജിഎംയു ട്രോമ സെന്‍ററിലേക്ക് റഫർ ചെയ്‌തു. അവിടെ ചികിത്സയിലിരിക്കെയാണ് ആകാശ് മരിച്ചത്.
വിദ്യാർഥിയുടെ പിതാവായ ജഗദീഷിന്‍റെ പരാതിയിൽ സുഹൃത്തുക്കളായ അഭയ് പ്രതാപ് സിങ്, ദേവാൻഷ് എന്നിവർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവം നടത്തിയ രണ്ടു പ്രതികളും ഒളിവിലാണ്. കേസിലെ പ്രധാന പ്രതിയായ അഭയ് പ്രതാപ് സിങ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ലഖിംപൂർ സ്വദേശിയായ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. അന്വേഷണത്തിനായി മൂന്ന് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്‌ച രാത്രി 10 മണിയോടെ ആകാശിന്‍റെ സുഹൃത്ത് ജയ് ഇവരുടെ വീട്ടിലെത്തി. തുടർന്ന് ആകാശിനെയും കൂട്ടി വിരുന്നിന് പോകുകയായിരുന്നുവെന്നാണ് പിതാവ് പറഞ്ഞത്. ജൂൺ 24ന് മകന്‍റെ പിറന്നാൾ ആണെന്നും മകന് ബൈക്ക് വാങ്ങി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നതായും പിതാവ് കൂട്ടിച്ചേർത്തു. രാവിലെ ആറു മണിയോടെ കൊലപാതക വിവരം പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. ഇതിന് ശേഷം മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. കൊലപാതകത്തെക്കുറിച്ച് എഡിസിപി സയ്യിദ് അലി അബ്ബാസ് പറഞ്ഞു.
ALSO READ : Delhi Crime | വാക്കുതർക്കം; ഡൽഹി സര്‍വകലാശാല വിദ്യാർഥിയെ കോളജ് കാമ്പസിന് പുറത്ത് വച്ച് കുത്തിക്കൊന്നു
വിദ്യാർഥിയെ കോളജ് കാമ്പസിന് പുറത്ത് വച്ച് കുത്തിക്കൊന്നു: ഇന്നലെ ഡൽഹി യൂണിവേഴ്‌സിറ്റി (Delhi University) സൗത്ത് കാമ്പസിന് പുറത്ത് വിദ്യാർഥി കുത്തേറ്റ് മരിച്ചിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിഎ ഓണേഴ്‌സ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ നിഖിൽ ചൗഹാനാണ് (19) കാമ്പസിലെ മറ്റൊരു വിദ്യാർഥിയുടെ കുത്തേറ്റ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
ഡൽഹി യൂണിവേഴ്‌സിറ്റി സൗത്ത് കാമ്പസിലെ ആര്യഭട്ട കോളജിന് പുറത്ത് വച്ചാണ് നിഖിലിന് കുത്തേറ്റത്. പെൺ സുഹൃത്തിനോട് മോശമായി പെരുമാറി എന്നാരോപിച്ച് നിഖിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വിദ്യാർഥിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് യുവാവും സംഘവും നിഖിലിനെ ആക്രമിച്ചത്.