ഷിയോഹർ (ബിഹാര്‍): റെയില്‍ പദ്ധതിക്കായി തുച്ഛമായ തുക അനുവദിച്ചതിന് പകരമായി ചെക്ക് അയച്ച് വേറിട്ട രീതിയില്‍ പ്രതിഷേധമറിയിച്ച് യുവാവ്. ഷിയോഹർ ജില്ല വഴി 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സീതാമര്‍ഹി-ബാപുധാം മോത്തിഹാരി റെയില്‍ പദ്ധതിക്കായി ബജറ്റില്‍ വെറും 204 കോടി രൂപ മാത്രം നീക്കിവച്ചതിനോടുള്ള പ്രതിഷേധമായാണ് ആര്യന്‍ എന്ന യുവാവ് റെയില്‍വേ മന്ത്രിക്ക് 1000 രൂപയുടെ ചെക്ക് അയച്ചത്. വിഷയത്തില്‍ പ്രദേശവാസികളുടെ രോഷവും പദ്ധതിയുടെ തടസം മാറിക്കാണാനും മന്ത്രാലയത്തോടുള്ള പരിഹാസവുമായാണ് ആര്യന്‍റെ 'ചെക്ക് അയച്ച് പ്രതിഷേധം'.
പ്രതിഷേധം ചെക്കിലേക്ക് നീങ്ങിയപ്പോള്‍: മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ ഭരണകാലത്ത് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ 2017 ലാണ് പദ്ധതി ആരംഭിക്കുന്നത്. മാറിവന്ന സര്‍ക്കാരുകളുടെ വേണ്ടത്ര ശ്രദ്ധ പതിയാതെ വന്നതോടെ പദ്ധതി പൂര്‍ത്തിയാകാതെ പോയി. അങ്ങനെയിരിക്കെ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കൂടി പദ്ധതിക്ക് അവഗണന നേരിട്ടതോടെയാണ് ആര്യന്‍ ചൗഹാന്‍ പ്രതിഷേധമറിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്.
വിവേചനത്തിനെതിരെ ജനരോഷം: ഇത് ജനങ്ങളോടുള്ള പരിഹാസമാണ്. റെയിൽവേ മന്ത്രാലയത്തിന്‍റെ ഇത്തരം വിവേചനപരമായ സമീപനം തങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ പ്രദേശവാസികളായ യുവാക്കള്‍ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ആര്യന്‍ ചൗഹാന്‍ രോഷം പ്രകടിപ്പിച്ചു. ഷിയോഹർ റെയില്‍ പദ്ധതിക്ക് നിസാരതുക അനുദിച്ചതിലൂടെ പ്രതിഫലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ മനോഭാവമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരവുമായി മഹാത്മാഗാന്ധി ഒരിക്കല്‍ ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ പദ്ധതിയെ പരിഗണിക്കുമ്പോള്‍ പ്രദേശത്തിന് 1000 രൂപ മാത്രം വരത്തക്കവിധം തുക അനുവദിച്ചത് വഴി കേന്ദ്രം ബാപ്പുവിനെ അപമാനിക്കുകയാണെന്നും ആര്യന്‍ വ്യക്തമാക്കി.
പരിഗണിച്ചില്ലെങ്കില്‍ സീറ്റു പോകും: അതേസമയം ഭരണപക്ഷ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ പ്രതികരിക്കാനും ആര്യന്‍ ചൗഹാന്‍ മറന്നില്ല. പ്രദേശത്തോടും പദ്ധതിയോടുമുള്ള റെയില്‍വേയുടെ വിവേചനപരമായ നടപടിയില്‍ സിറ്റിങ് എംപിമാരും എംഎല്‍എമാരും കൂട്ടത്തോടെ രാജിവയ്‌ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രദേശത്തെ പ്രതിപക്ഷ നേതാക്കളും ഒരുമിക്കണമെന്ന് ആര്യന്‍ അറിയിച്ചു. സ്ഥലം എംപി രമാദേവി തുടർച്ചയായി മൂന്നാം തവണയാണ് ലോക്‌സഭയെ പ്രതിനിധീകരിക്കുന്നതെന്നും എന്നാല്‍ നിരാശ മാത്രമാണ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇവര്‍ക്കെതിരെ ജനരോഷമുണ്ടാകുമെന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രണ്ട് ജങ്‌ഷനുകളും മൂന്ന് ഹാൾട്ടുകളും അഞ്ച് റെയിൽവേ ക്രോസിംഗുകളും ഉൾപ്പെടെ 10 റെയിൽവേ സ്‌റ്റേഷനുകളും ഉള്‍പ്പെടുന്നതാണ് സീതാമര്‍ഹി-ബാപുധാം മോത്തിഹാരി റെയില്‍ പദ്ധതി. മാത്രമല്ല ഇത് സമയബന്ധിതമായി പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഷിയോഹർ ജില്ലയും പ്രധാന റെയില്‍ പാതയുമായി ബന്ധിക്കുമായിരുന്നു.