സാന്‍ ഫ്രാന്‍സിസ്കൊ : പലസ്തീന്‍ വിരുദ്ധ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനവുമായി സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം. ദി വെര്‍ജ് മാഗസിനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇസ്രയേല്‍ - പലസ്തീന്‍ വിഷയത്തില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കെതിരെ വലിയ തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നതായും ആക്ഷേപമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ നടപടി.
കടിഞ്ഞാണിടുക നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ
കമ്പനിയുടെ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സംവിധാനം ഉപയോഗിച്ചാണ് ഇത്തരം പോസ്റ്റുകള്‍ കണ്ടെത്തി നീക്കുക. കഴിഞ്ഞ ആഴ്ച പലസ്തീന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ യോജിച്ച് ആ രാജ്യത്തിനെതിരെ ഫേസ്ബുക്കില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഫേസ്ബുക്കിന്‍റെ റേറ്റിങ് വലിയ തോതില്‍ ഇടിയാന്‍ കാരണമായി. അഞ്ചില്‍ നാല് റേറ്റിങ് ലഭിച്ചിരുന്ന ആപ്പിളില്‍ 2.3 ആയും പ്ലേ സ്റ്റോറില്‍ 2.5 ആയും ഫേസ്ബുക്കിന്‍റെ റേറ്റിങ് കുറഞ്ഞിരുന്നു.
Read Also.............ഇന്‍സ്റ്റഗ്രാമില്‍ ലൈവ് റൂം സേവനം സാധ്യമാക്കി ഫെയ്സ്ബുക്ക്
ഫേസ്ബുക്കിന്‍റെ വിശദീകരണം
വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു. അറബി, ഹിബ്രു ഭാഷകള്‍ അടക്കം കൈകാര്യം ചെയ്യുന്നവര്‍ തങ്ങളുടെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ എല്ലാ വാര്‍ത്തകളും കണ്ടെത്തുകയും പിശകുകള്‍ പരിഹരിക്കുകയും ചെയ്യുന്നുണ്ടെന്നും കമ്പനിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.