നോയിഡ: ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തില്‍ ആരോപണ വിധേയമായ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിന്‍റെ ഓഫിസില്‍ പരിശോധന. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിന്‍റെ നോയിഡ ഓഫിസിലാണ് കേന്ദ്ര ഏജന്‍സികളുടെയും ഉത്തർപ്രദേശ് ഡ്രഗ് ഡിപ്പാർട്ട്‌മെന്‍റിന്‍റെയും സംഘം ഇന്ന് പരിശോധന നടത്തിയത്.
മരിയോൺ ബയോടെക് എന്ന കമ്പനിയുടെ കഫ് സിറപ്പായ ഡോക് 1 മാക്‌സ് ഇന്ത്യയിൽ വിൽക്കുന്നില്ലെന്നും അതിന്‍റെ കയറ്റുമതി ഉസ്‌ബെക്കിസ്ഥാനിലേക്ക് മാത്രമാണെന്നും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച 18 കുട്ടികള്‍ ഡോക് 1 മാക്‌സ് കഫ്‌സിറപ് കഴിച്ചിരുന്നതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.
കഫ്‌സിറപ് കഴിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ വിഷയം പരിശോധിച്ച് വരികയാണെന്ന് മരിയോൺ ബയോടെക്കിന്‍റെ നിയമ പ്രതിനിധി ഹസൻ ഹാരിസ് പറഞ്ഞു.
'ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പരിശോധനയിലും പ്രശ്‌നം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി ഞങ്ങൾ ഇവിടെയുണ്ട്. സർക്കാർ റിപ്പോർട്ട് വന്നാൽ അത് പരിശോധിക്കും. ഇപ്പോൾ നിർമാണം നിർത്തി വച്ചിരിക്കുകയാണ്' - ഹാരിസ് പറഞ്ഞു.