റാഞ്ചി : ജാർഖണ്ഡിൽ ബിർസ മുണ്ട വിമാനത്താവളത്തിൽ (Ranchi Airport) യാത്രക്കാരനിൽ നിന്നും ഇൻസാസ് ബുള്ളറ്റുകൾ പിടികൂടി (INSAS bullets Seized). ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ (CISF team) വെടിയുണ്ടകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഗിരിദിഹ് ജില്ലക്കാരനായ വിനോദ് യാഗവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്‌തു.
ഇന്ന് ബിർസ മുണ്ട വിമാനത്താവളത്തിലെത്തിയ വിനോദിന്‍റെ ബാഗ് എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടയിൽ ബുള്ളറ്റുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ക്വിക്ക് റെസ്‌പോൺസ് ടീമിനെ വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷ സംഘം യാത്രക്കാരനെ തടഞ്ഞുവച്ചു. ശേഷം യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത സിഐഎസ്എഫ് സംഘം യാത്രക്കാരനെയും അയാളുടെ ബാഗും എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.
പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബെംഗളൂരുവിലേക്ക് പോകുകയായിരുന്നെന്ന് പ്രതി പറഞ്ഞു. എന്നാൽ ബുള്ളറ്റുകൾ എവിടെ നിന്നാണെന്നോ ആർക്കാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ബുള്ളറ്റുമായി പിടിക്കപ്പെട്ട യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങൾ എയർപോർട്ട് പൊലീസും ഗിരിദിഹ് പൊലീസും ചേർന്ന് അന്വേഷിച്ച് വരികയാണ്.
ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണവേട്ട : ഇക്കഴിഞ്ഞ സെപ്‌റ്റംബർ 18 ന് ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ 23 കിലോ സ്വർണവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ബിഎഫ്‌എസ് (Border Security Force) ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തിരുന്നു(Gold Smuggling at Indo Bangladesh border). മോട്ടോർ സൈക്കിളിന്‍റെ എയർ ഫിൽട്ടറിൽ ഒളിപ്പിച്ച 14 കോടി രൂപ വിലമതിക്കുന്ന സ്വർണം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരും വഴിയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദക്ഷിണ ബംഗാൾ അതിർത്തിയിൽ രാംഗട്ടിലെ 68 ബറ്റാലിയൻ സീമ ചൗക്കിലാണ് സംഭവം.
സംഭവത്തിൽ നോർത്ത് 28 പർഗാനാസ് ജില്ലക്കാരനായ ഇന്ദ്രജിത് പത്രയെയാണ് ബിഎഫ്‌എസ് പിടിയിലായത്. 50 സ്വർണ ബിസ്‌കറ്റുകളും 16 സ്വർണക്കട്ടികളുമാണ് പ്രതിയുടെ പക്കൽ ഉണ്ടായിരുന്നത്. ബിഎഫ്‌എസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രദേശത്ത് സംശയാസ്‌പദമായ രീതിയിൽ ബൈക്ക് യാത്രികൻ വാൻ ജംഗ്ഷനിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയും ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി.