ബംഗളൂരു: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് തൽവാർ ബുധനാഴ്ച കർണാടകയിലെ ന്യൂ മംഗലാപുരം തുറമുഖത്ത് ബഹറിനില്‍ നിന്നും കയറ്റുമതി ചെയ്ത 50 ടൺ ഓക്സിജന്‍ എത്തിച്ചു. ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതു -2 ന്‍റെ ഭാഗമായാണ് സിലിണ്ടറുകള്‍ എത്തിച്ചത്.
സിംഗപ്പൂരിൽ നിന്നും ഐഎൻഎസ് ഐരാവതും, കുവൈത്തിൽ നിന്നും ഐഎൻഎസ് കൊൽക്കത്തയും ഓക്സിജൻ നിറച്ച സിലിണ്ടറുകൾ, ലിക്വിഡ് ഓക്സിജൻ, ക്രയോജനിക് ടാങ്കുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനങ്ങളിലേക്ക് 5598 മെട്രിക് ടൺ മെഡിക്കൽ ഓക്സിജന്‍ എത്തിച്ച് ഒഡീഷ
കഴിഞ്ഞ വർഷം ഇന്ത്യൻ നാവികസേന വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഓപ്പറേഷൻ സമുദ്ര സേതു ആരംഭിക്കുകയും മാലിദ്വീപ്, ശ്രീലങ്ക, ഇറാന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ 3992 ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. നിലവിലെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സായുധ സേനയുടെ സിവിൽ അഡ്മിനിസ്ട്രേഷന്‍റെ ഭാഗമായ നാല് ഡോക്ടർമാർ, ഏഴ് നഴ്സുമാർ, 26 പാരാമെഡിക്കുകൾ, 20 സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരടങ്ങുന്ന 57 അംഗ നാവിക മെഡിക്കൽ ടീമിനെ ഏപ്രിൽ 29 ന് അഹമ്മദാബാദിലേക്ക് നിയോഗിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക ആശുപത്രിയായ 'പി.എം കെയേഴ്സ് കൊവിഡ് ആശുപത്രിയില്‍' ഈ ടീമിനെ വിന്യസിക്കും. നിലവില്‍ രണ്ട് മാസത്തേക്കാണ് ഇവര്‍ സേവനമനുഷ്ടിക്കുക. ആവശ്യമെങ്കില്‍ സേവനകാലാവധി നീട്ടും.