ന്യൂഡൽഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളും രക്ഷാദൗത്യങ്ങളുമായി രാജ്യം ആഗോളമഹാമാരിക്കെതിരെ പൊരുതുമ്പോള്‍ ഇന്ത്യൻ നാവിക സേനയും ഭാഗമാകുകയാണ്. ഇന്ത്യൻ നേവൽ ഷിപ്പ് (ഐഎൻഎസ്) ശാരദ ലക്ഷദ്വീപിലേക്ക് ഓക്സിജൻ സിലിണ്ടറുകളും മറ്റ് ആവശ്യ മരുന്നുകളും എത്തിച്ചുനൽകുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിരുന്നു. ഈ മാസം 25ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഐഎൻഎസ് ശാരദ ആദ്യഘട്ടം പൂർത്തിയാക്കിയെന്ന് നാവികസേന അറിയിച്ചു. ഓക്‌സിജനും ആവശ്യമായ മരുന്നും എത്തിച്ച് നൽകാനുള്ള പദ്ധതിയായ ഓക്സിജൻ എക്സ്പ്രസുമായി രണ്ടാം ദൗത്യം ഇന്ന് പുറപ്പെടും.
അഗത്തി, ആന്ത്രോത്ത്, കദ്മത്ത്, കവരട്ടി തുടങ്ങിയ ദ്വീപുകളിലായിരുന്നു നാവികസേന ആവശ്യസാധനങ്ങൾ എത്തിച്ചത്. ഇവയിൽ 35 ഓക്‌സിജൻ സിലിണ്ടറുകളും, ആന്‍റിജൻ ടെസ്റ്റ് കിറ്റുകളും, പിപിഇ കിറ്റും, മാസ്‌കും ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധത്തിനുള്ള ആവശ്യ വസ്തുക്കൾ ഉൾപ്പെടുന്നു.
Also Read: സ്പുട്നിക് വി വാക്സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും
ഒരു ഡോക്ടറെയും രണ്ട് മെഡിക്കൽ അസിസ്റ്റന്‍റുമാരെയുമുൾപ്പെടെ കദ്മത്ത് എത്തിച്ചു. കൊവിഡ് ചികിത്സക്കായി അടിയന്തര ഐസിയു സംവിധാനം ഉറപ്പാക്കി. ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ ലക്ഷദ്വീപിലെ രോഗികൾക്കായി പത്ത് കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ രോഗികളെ എത്തിയ്ക്കാൻ ഐഎൻഎസ് ഗരുഡ ഹെലികോപ്ടറുകളും സജ്ജമാക്കി. ലക്ഷദ്വീപിൽ നിന്നും രോഗികളെ കൊണ്ടുവരുന്ന ഹെലികോപ്റ്ററുകൾക്കായി കൊച്ചിയിൽ ഹെലിപ്പാഡുകൾ ഒരുക്കിയതായും നാവികസേന അറിയിച്ചു.