മുംബൈ: നാവികസേനയുടെ പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ വേധ ഇംഫാൽ ഇന്ന് കമ്മീഷൻ ചെയ്‌തു (INS Imphal commissioned into Navy today). മുംബൈയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ (Defence Minister Rajnath Singh) സാന്നിധ്യത്തിലാണ് കമ്മീഷൻ ചെയ്‌തത്. നാവിക സേന ഉദ്യോഗസ്ഥൻ ആർ ഹരികുമാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ചടങ്ങിൽ പങ്കെടുത്തു.
വിപുലീകൃത സൂപ്പർസോണിക് ബ്രഹ്മോസ് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള കപ്പലാണ് ഇത്. ഇന്ത്യൻ നാവിക സേനയുടെ കീഴിലുള്ള വാർഷിപ്പ് ഡിസൈൻ ബ്യൂറോ ആണ് കപ്പൽ രൂപകല്‌പന ചെയ്‌തത്. മുംബൈയിൽ പ്രവർത്തിയ്‌ക്കുന്ന മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് ആണ് കപ്പൽ നിർമിച്ചത്.
നാല് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളിൽ (Stealth guided missile destroyer Imphal) മൂന്നാമത്തേതാണ് ഇംഫാൽ. വടക്കു കിഴക്കൻ സംസ്ഥാനത്തിന്‍റെ പേര് നൽകിയ ആദ്യത്തെ യുദ്ധക്കപ്പൽ ആണെന്ന പ്രത്യേകതയും ഇംഫാലിനുണ്ട്. തുറമുഖത്തും കടലിലുമായി പരീക്ഷണങ്ങൾ പൂർത്തീകരിച്ച ശേഷമാണ് കപ്പൽ നാവിക സേനയ്‌ക്ക് കൈമാറിയത്. ഈ വർഷം ഒക്ടോബർ 20 നാണ് നിർമാണ കമ്പനിയായ എംഡിഎൽ കപ്പൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് കൈമാറിയത്.
തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ശക്തമായ യുദ്ധക്കപ്പലിലൊന്ന്: പ്രോജക്റ്റ് 15 ബി (വിശാഖപട്ടണം ക്ലാസ്) പ്രോജക്റ്റ് 15 എ (കൊൽക്കത്ത ക്ലാസ്), പ്രോജക്റ്റ് 15 (ഡൽഹി ക്ലാസ്) എന്നിവയിൽ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറാണ് ഇംഫാൽ. 163 മീറ്റർ നീളവും 7,400 ടൺ ഭാരവുമുള്ള 75 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച ഇംഫാൽ രാജ്യത്ത് നിർമ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നാണെന്ന് നാവികസേന പറഞ്ഞു.
അത്യാധുനികമായ സജ്ജീകരണങ്ങളോടെ നിർമിച്ചെടുത്ത കപ്പലിൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. കപ്പലിന്‍റെ തോക്കെടുക്കുന്ന ആയുധ സംവിധാനങ്ങളുള്ള ഭാഗത്തേക്ക് ടാർഗെറ്റ് ഡാറ്റ നൽകുന്നതിനായി ആധുനിക നിരീക്ഷണ റഡാർ കപ്പലിൽ ഘടിപ്പിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, എഎസ്‌ഡബ്യു ഹെലികോപ്റ്ററുകൾ എന്നിവ കപ്പലിന്‍റെ സവിശേഷതകളാണ്.
ഉയർന്ന തോതിലുള്ള ഓട്ടോമേഷൻ, സ്റ്റെൽത്ത് സവിശേഷതകളും ഐഎൻഎസിന് ഉള്ളതായി നാവിക സേന പറഞ്ഞു. ആണവ, ബയോളജിക്കൽ, കെമിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ യുദ്ധം ചെയ്യാൻ കപ്പൽ സജ്ജമാണ്. 2017 മെയ് 17 നാണ് കപ്പലിന്‍റെ കീൽ സ്ഥാപിക്കുന്നത്. 2019 ഏപ്രിൽ 20 ന് കപ്പൽ വെള്ളത്തിലിറക്കുകയും ചെയ്‌തു. 2023 ഏപ്രിൽ 28 ന് ആദ്യ പരീക്ഷണം കടലിൽ നടത്തുന്നത്.
തുറമുഖത്തും കടലിലുമായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി ആറ് മാസത്തെ സമയ പരിധിക്കുള്ളിൽ ഒക്ടോബർ 20 ന് നാവികസേനയ്ക്ക് കൈമാറി റെക്കോർഡ് നേടിയിരിയ്‌ക്കുകയാണ് ഐഎൻഎസ് ഇംഫാൽ (INS Imphal).
Also read: ഇന്ത്യന്‍ നേവിയുടെ കപ്പല്‍ വേധ മിസൈലിന്‍റെ പരീക്ഷണം വിജയം