ശ്രീനഗർ : ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും (security forces foiled an infiltration bid in Baramulla) അജ്ഞാതനായ ഒരു തീവ്രവാദിയെ വധിക്കുകയും (one militant killed) ചെയ്‌തതായി സൈന്യം അറിയിച്ചു. ബാരാമുള്ള (Baramulla) ജില്ലയിലെ ഉറി സെക്‌ടറിലാണ് (Uri sector) നുഴഞ്ഞുകയറ്റശ്രമം നടന്നത്. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം അറിയിച്ചു.
'ഉറി സെക്‌ടറിലെ നിയന്ത്രണ രേഖയിലൂടെ ഒരു സംഘം തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു. മോശം കാലാവസ്ഥ മുതലെടുക്കാനായിരുന്നു അവരുടെ ശ്രമം. എന്നാൽ അവരുടെ ശ്രമം പരാജയപ്പെടുത്തി' എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നിയന്ത്രണ രേഖയിൽ വിന്യസിച്ച സുരക്ഷ സേനാംഗങ്ങളും സംഘവും തമ്മിലുള്ള വെടിവയ്‌പ്പിൽ ഒരു തീവ്രവാദിയെ വധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: 5 Terrorists Killed in Kupwara: കുപ്‌വാരയില്‍ അഞ്ച് ഭീകരരെ വധിച്ച് സൈന്യം, തകർത്ത് നുഴഞ്ഞുകയറ്റശ്രമം
കുപ്‌വാരയിലും കഴിഞ്ഞ മാസം നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം: കഴിഞ്ഞ ഒക്‌ടോബറിൽ ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കുപ്‌വാര ജില്ലയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. കുപ്‌വാരയിലെ മച്ഛില്‍ സെക്‌ടറില്‍ നടന്ന ഓപറേഷനില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചതായി കശ്‌മീര്‍ അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ അറിയിച്ചു.
ജമ്മു കശ്‌മീരിലെ പൂഞ്ചിലും ഇതിന് മുൻപ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുകയും രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്‌തു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഏഴ് ഭീകരരാണ് കഴിഞ്ഞ ഓഗസ്റ്റ് 7ന് ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. തുടർന്ന് ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്‌തു. പൂഞ്ചിലെ ദെഗ്വാര്‍ സെക്‌ടറിലെ സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
പൂഞ്ചില്‍ നേരത്തെയും സമാന ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം. നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗുല്‍പൂര്‍ സെക്‌ടറിലെ ഫോര്‍വേഡ് റേഞ്ചര്‍ നല്ലാ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഇതിന് മുന്‍പായി വടക്കന്‍ കാശ്‌മീരില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ വടക്കൻ കശ്‌മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ (Kupwara) മച്ചാലിലായിരുന്നു സംഭവം. നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.