ഭോപ്പാൽ: ഇന്‍ഡോര്‍ നഗരം തുടര്‍ച്ചയായി നാലാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നു. രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ വെറും 61ആം സ്ഥാനം മാത്രമുണ്ടായിരുന്ന ഇന്‍ഡോര്‍ പിന്നീട് ഒന്നാം സ്ഥാനത്ത് എത്തുകയും ആ ബഹുമതി നാല് വര്‍ഷം തുടര്‍ച്ചയായി നിലനിര്‍ത്തുകയും ചെയ്തെന്നുള്ളത് അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്. ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് വൃത്തിയുടെ ചക്രവാളത്തിലെ സൂര്യ തേജസായി ഇന്‍ഡോര്‍ നഗരം വീണ്ടും തിളങ്ങി നില്‍ക്കാന്‍ പോകുന്നത്. ഇന്‍ഡോറില്‍ ശുചിത്വ പാലനം എന്നുള്ളത് ഒരു പ്രവര്‍ത്തനം മാത്രമല്ല, മറിച്ച്, അതൊരു ലക്ഷ്യം തന്നെയാണ്.
2017ല്‍ ശുചിത്വ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡോറില്‍ ആരംഭിച്ചു. ആദ്യമായി ഓരോ വീടുകളിലും കയറിയിറങ്ങി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണങ്ങള്‍ നടത്തി. വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ആധുനിക യന്ത്രങ്ങളും വണ്ടികളും തയാറാക്കി. വ്യവസായ മേഖലയില്‍ നിന്നും ദിവസം രണ്ടു തവണയും ജനവാസ കോളനികളില്‍ നിന്നും ദിവസം ഒരു തവണയും മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചു. നഗരത്തിലെ 10 ഇടങ്ങളില്‍ ഗതാഗത സ്‌റ്റേഷനുകള്‍ പണിതു. അവിടെ നിന്നാണ് ട്രഞ്ചിങ്ങ് ഗ്രൗണ്ടുകളിലേക്ക് മാലിന്യങ്ങള്‍ കൊണ്ടു പോയിരുന്നത്.
2017ല്‍ ആദ്യമായി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇന്‍ഡോറിന് അതൊരു വലിയ വെല്ലുവിളിയായി തീര്‍ന്നു. ഓരോ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ പതിവ് തെറ്റാതെ ശേഖരിക്കുന്നത് തുടര്‍ന്നു. ഇപ്പോള്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നനവുള്ളത്, ഉണങ്ങിയത് എന്നിങ്ങനെ രണ്ടായി തരം തിരിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഉണങ്ങിയ മാലിന്യങ്ങളില്‍ നിന്നും പല തരത്തിലുള്ള ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കാനും ആരംഭിച്ചിരിക്കുന്നു. നനഞ്ഞ മാലിന്യം വളമാക്കി മാറ്റുന്ന പ്ലാന്‍റുകളും നഗരത്തില്‍ ഉണ്ടാകാന്‍ തുടങ്ങി. 2018ല്‍ ഇന്‍ഡോര്‍ നഗരത്തിലെ ഓരോ പൂന്തോട്ടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളും ശേഖരിക്കുവാന്‍ തുടങ്ങി. പൂന്തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച് പുറത്തേക്ക് കൊണ്ടു പോകുന്ന മാലിന്യങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വളം പിന്നീട് അതേ പൂന്തോട്ടത്തില്‍ തന്നെ ഉപയോഗിക്കുവാന്‍ ആരംഭിച്ചു.
2019ല്‍ വൃത്തി സര്‍വെയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചേരുന്നതിന് വേണ്ടി ത്രീആര്‍ എന്ന ആശയമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ചത്. റീസൈക്കിള്‍ (പുനചംക്രമണം), റെഡ്യൂസ് (കുറയ്ക്കല്‍), റീ യൂസ് (പുനരുപയോഗം) എന്നിവയായിരുന്നു അവ. ഇത് മനസിലാക്കിക്കൊണ്ടാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തില്‍ വാട്ടര്‍ പ്ലസിനും സെവന്‍ സ്റ്റാറിനും തയ്യാറെടുപ്പുകള്‍ നടത്തി. സംസ്‌കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുകയും നഗരത്തിലെ ചുമരുകള്‍ വെള്ള പൂശുകയും ചെയ്തു. 7,000ത്തിലധികം പേര്‍ ഉള്‍പ്പെടുന്ന ശുചിത്വ പോരാളികളുടെ ഒരു പട തന്നെ രൂപീകരിച്ചു. രാത്രി കാലങ്ങളില്‍ നഗരത്തിലെ മുഴുവന്‍ റോഡുകളും യന്ത്രങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കി. നിയമങ്ങള്‍ ലംഘിക്കുകയോ നഗരത്തില്‍ തുപ്പുകയോ മലമൂത്ര വിസര്‍ജ്ജനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് പിഴയും ചുമത്തി.
2021ല്‍ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ തയ്യാറായിരിക്കുകയാണ് ഇന്‍ഡോര്‍. മലിനജലം ഒഴുകുന്ന ഓവുചാലുകളും മറ്റും വൃത്തിയാക്കുന്നതിനാണ് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി നഗരത്തിലുടനീളം ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകള്‍ നിര്‍മിച്ചിട്ടുണ്ട്. നഗരത്തിലെ ഓവുചാലുകളില്‍ നിന്നുള്ള മലിനജലം നദികളിലേക്ക് ഒഴുകുന്നത് തടഞ്ഞു. അതോടെ നഗരത്തിലെ നദികള്‍ അവയുടെ പഴയ രൂപത്തിലേക്ക് തിരിച്ച് വന്നു കൊണ്ടിരിക്കുന്നു. നഗരത്തിലെ നിരവധി അഴുക്കുചാലുകള്‍ ഇപ്പോള്‍ പൂര്‍ണമായും വറ്റി വരണ്ടിരിക്കുന്നു. ഈ സമീപനം ഇന്‍ഡോര്‍ നഗരത്തെ വ്യത്യസ്തവും ഏറ്റവും വിജയകരവുമായ ഒന്നാക്കി മാറ്റിയിരിക്കുന്നു.