ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം 18 മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുന്നു. ദീപാവലി അവധി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ വര്‍ധന കൂടി കണക്കിലെടുത്താണ് നവംബര്‍ ഒന്നുമുതല്‍ ടെര്‍മിനല്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി 2020 മെയ് 25നാണ് ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
Also Read: രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്
കുറഞ്ഞ ചെലവിലുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ ഒന്നാം ടെര്‍മിനല്‍ വഴിയാണ് നടത്തിയിരുന്നത്. 850 വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
ഒന്നാം ടെര്‍മിനല്‍ തുറക്കുന്നതോടെ ഇതിന്‍റെ എണ്ണത്തില്‍ 150 മുതല്‍ 200 വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, തുടങ്ങിയ കമ്പനികളുടെ സര്‍വീസുകള്‍ ടെര്‍മിനല്‍ ഒന്നുവഴി തുടങ്ങുമെന്ന് ഡല്‍ഹി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.