തേസ്‌പൂർ (അസം): അരുണാചൽ പ്രദേശിൽ ചൈന നിരന്തരം അവകാശവാദമുന്നയിക്കുമ്പോഴും അതിർത്തിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിരീക്ഷണ- സുരക്ഷാ സൗകര്യം ശക്‌തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്‍റെ ഭാഗമായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) അതിർത്തിയിൽ എൽഎസിയെ (ലൈൻ ഓഫ് ആക്‌ച്വൽ) കണ്‍ട്രോൾ ബന്ധിപ്പിക്കുന്ന റോഡുകളുടെയും അധിക 1800 കിലോമീറ്റർ റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രഹ്‌മപുത്ര നദിക്ക് കുറുകെ 9.8 കിലോമീറ്റർ നീളമുള്ള അണ്ടർവാട്ടർ റോഡ് ടണലും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇപ്പോൾ 1800 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്‍റെ ജോലികൾ പുരോഗമിക്കുന്നതായും രണ്ട് പ്രധാന തുരങ്കങ്ങൾ പൂർത്തീകരിച്ചതായും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്‌ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ രാജീവ് ചൗധരി ഇടിവി ഭാരത് സീനിയർ ജേണലിസ്റ്റ് പ്രണബ് കുമാർ ദാസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ വ്യക്‌തമാക്കി. ഏപ്രിൽ 10ന് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമമായ കിബിത്തുവിൽ നിന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈബ്രന്‍റ് വില്ലേജ് പ്രോഗ്രാം (വിവിപി) ആരംഭിച്ചത്.
രാജ്യത്ത് വിവിപിയുടെ കീഴിലുള്ള 1662 ഗ്രാമങ്ങളിൽ 441 ഗ്രാമങ്ങളും അരുണാചൽ പ്രദേശിലാണുള്ളത്. വൈബ്രന്‍റ് വില്ലേജ് പ്രോഗ്രാമിനായി സർക്കാർ മൊത്തം 4,800 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 2500 കോടി രൂപ അതിർത്തി റോഡുകളുടെ നിർമ്മാണത്തിന് മാത്രമായി നീക്കിവച്ചിട്ടുണ്ടെന്നും രാജീവ് ചൗധരി വ്യക്‌തമാക്കി.
അരുണാചൽ പ്രദേശിലെ തെക്കൻ സോവൻസിരി ജില്ലയിലുള്ള മസ ഗ്രാമമാണ് ബോർഡർ റോഡ് പ്രോജക്‌ടിന് കീഴിൽ ലൈൻ ഓഫ് ആക്‌ച്വലുമായി ബന്ധിപ്പിച്ച ആദ്യ ഗ്രാമം. ഇന്ത്യയെ സംബന്ധിച്ച് 'മസ' എന്ന അതിർത്തി ഗ്രാമം വളരെ പ്രധാനപ്പെട്ടതാണ്. കാരണം 2 ജെ കെ റൈഫിൾസിലെ ഹവിൽദാർ ഷേർ ഥാപ്പ 1962 ഒക്‌ടോബർ 18ന് 155 ചൈനീസ് സൈനികരെ കൊലപ്പെടുത്തിയത് ഈ അതിർത്തി ഗ്രാമത്തിൽ വച്ചായിരുന്നു.
ഇവിടുത്തെ ജെലെമോ ഡാക്‌പ എന്ന അതിർത്തി ഗ്രാമം ഒരു കാലത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ 1962 ലെ ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ഒരു തീർഥാടനവും നടത്തിയിട്ടില്ല. ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സുപ്രധാന പാലത്തിലൂടെ എല്ലാത്തരം വാഹനങ്ങൾക്കും ഇനി മുതൽ മസ ഗ്രാമത്തിലൂടെ അതിർത്തിയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്ന് ലെഫ്റ്റനന്‍റ് ജനറൽ ചൗധരി പറഞ്ഞു.
ടണൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോഡും റെയിൽ തുരങ്കവും അസമിലെ ബ്രഹ്മപുത്രയിലൂടെ കടന്ന് പോകുന്ന 9.8 കിലോമീറ്റർ നീളമുള്ള അണ്ടർവാട്ടർ ടണൽ ആയിരിക്കുമെന്നും ലഫ്റ്റനന്‍റ് ജനറൽ രാജീവ് ചൗധരി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇത് അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സുരക്ഷയും ടൂറിസവും മുൻ നിർത്തിയാണ് തുരങ്കം നിർമ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കിഴക്ക്-പടിഞ്ഞാറ് മെട്രോ ഇടനാഴിയുടെ ഭാഗമായി 120 കോടി രൂപ ചെലവിൽ പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ നിർമ്മിക്കാനൊരുങ്ങുകയാണ്. നിലവിൽ ഈ പദ്ധതി ആസൂത്രണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും അന്തിമ ആസൂത്രണം പൂർത്തിയാക്കിയ ശേഷം ജോലികൾ ഉടൻ ആരംഭിക്കുമെന്നും ലഫ്റ്റനന്‍റ് ജനറൽ രാജീവ് ചൗധരി കൂട്ടിച്ചേർത്തു.