ഷിംല (ഹിമാചല്‍): സ്‌ത്രീകളിലുണ്ടാകുന്ന സെര്‍വിക്കല്‍ കാന്‍സറിന് തടയുന്നതിനായി ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെര്‍വാവാക് (CERVAVAC) വാക്‌സിന്‍ പുറത്തിറക്കാന്‍ അനുമതി. ഇന്ത്യ ആദ്യമായി വികസിപ്പിച്ച തദ്ദേശീയ വാക്‌സിനാണ് സെര്‍വാവാക്. കസൗലി ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷമാണ് ക്വാഡ്രിവാലന്‍റ് ഹ്യൂമന്‍ പാപ്പിലോമ (എച്ച്പിവി) വൈറസ് വാക്‌സിന്‍ പുറത്തിറക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചത്.
ക്ലിനിക്കല്‍ ട്രയലിന് ശേഷം അതിന്‍റെ റിപ്പോര്‍ട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്ക് അയക്കുകയും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വാക്‌സിന് അംഗീകാരം ലഭിക്കുകയുമായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ കൂടുതല്‍ പ്രയോജനകരമാണെന്നും അതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും കസൗലിയിലെ സിഡിഎല്‍ ഡയറക്‌ടര്‍ സുശീല്‍ സാഹു പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് ജില്ല ഇമ്മ്യൂണൈസേഷന്‍ ഓഫിസര്‍ ഡോ. ഗഗന്‍ പറഞ്ഞു.
വാക്‌സിന്‍ പുറത്തിറക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടതിനാല്‍ ദേശീയ വാക്‌സിനേഷന്‍ കാമ്പയിനിന് കീഴില്‍ മെയ് മാസത്തില്‍ വാക്‌സിന്‍ പുറത്തിറക്കും. സ്‌ത്രീകളില്‍ കാണുന്ന സെര്‍വിക്കല്‍ കാന്‍സറിന് ഏറെ ഗുണകരമായ വാക്‌സിന്‍ പൊതുജനാരോഗ്യ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉപദേശക സമിതിയായ നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ നിര്‍ദേശിച്ചു. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 9 വയസ് മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും.
വാക്‌സിനുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ ആഭ്യന്തര സ്ഥാപനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് സെര്‍വാവാക് വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളിലൊരാളായ അഡാര്‍ സി പൂനവലൈയുടെ നേതൃത്വത്തിലാണ് വാക്‌സീന്‍ നിര്‍മിക്കുന്നത്.
സര്‍ക്കാറുകള്‍ വഴി ലഭ്യമാക്കുന്ന വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ സ്വകാര്യ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തുമെന്ന് പൂനാവലൈ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 200 ദശലക്ഷം ഡോസുകളാണ് വികസിപ്പിച്ചത്. ഇതെല്ലാം ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്യും. തുടര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനുകള്‍ രാജ്യത്തിന് പുറത്തേക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ രംഗത്ത് ഇന്ത്യയുടെ മികച്ച നേട്ടങ്ങളിലൊന്നാകും സെര്‍വാവാക് വാക്‌സിന്‍ എന്നാണ് പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാനാകും വിധത്തില്‍ 200 മുതല്‍ 400 രൂപ വരെയായിരിക്കും ഇതിന്‍റെ വിലയെന്നുമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. അതേസമയം വാക്‌സിന്‍ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
സെര്‍വിക്കല്‍ കാന്‍സറിന്‍റെ പ്രാരംഭ ഘട്ടത്തില്‍ രോഗം നിര്‍ണയിക്കാനാകുന്നവരില്‍ സെര്‍വാവക് വാക്‌സിന്‍ ഏറെ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ എച്ച്പിവി വാക്‌സിനുകള്‍ക്കായി ഇന്ത്യ ആശ്രയിച്ചിരുന്നത് വിദേശ രാജ്യങ്ങളെയാണ്. നിലവില്‍ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
എന്താണ് സെര്‍വിക്കല്‍ കാന്‍സര്‍: സ്‌ത്രീകളുടെ ഗര്‍ഭാശയത്തിനും യോനിയ്‌ക്കും ഇടയിലുള്ള ഭാഗമാണ് സെര്‍വിക്‌സ്. അണുബാധയോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ഈ ഭാഗത്ത് കോശ വ്യതിയാനം ഉണ്ടാകുന്നു. ഇത്തരം കോശ വ്യതിയാനങ്ങളെ എപ്പിത്തീലിയന്‍ നിയോപ്ലാസിയ എന്നാണ് അറിയപ്പെടുന്നത്.
സെര്‍വികിസില്‍ ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങളാണ് കാലക്രമേണ കാന്‍സറായി രൂപാന്തരപ്പെടുന്നത്. ഇത്തരത്തില്‍ കോശ വ്യതിയാനം സംഭവിച്ച് എപ്പിത്തീലിയന്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം പത്ത് വര്‍ഷമെങ്കിലും എടുക്കും. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തവയായതുകൊണ്ട് തന്നെ രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാകും ഇത് തിരിച്ചറിയുക.
അതേ സമയം ആരംഭഘട്ടത്തില്‍ ഇവ തിരിച്ചറിയുകയാണെങ്കില്‍ ഫലപ്രദമായ ചികിത്സയിലൂടെ ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കും. സ്‌ത്രീകള്‍ പ്രത്യേകിച്ച് 30 വയസ് കഴിഞ്ഞവര്‍ ഒരു വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നതിലൂടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാനും ചികിത്സ തേടാനും സാധിക്കും.