ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം മൂന്നു ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03,720 ആയി ഉയർന്നു. കഴിഞ്ഞ ദവസം 3,741 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകൾ. 2,22,315 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,67,52,447 ആയി. തുടർച്ചയായ എട്ടാം ദിവസമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ ആകുന്നത്. നിലവിൽ രാജ്യത്ത് 27,20,716 കൊവിഡ് രോഗികളാണ് ഉള്ളത്.
ഞായറാഴ്‌ച 2,40,842 പേർക്കും ശനിയാഴ്‌ച 2,76,070 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 3,02,544 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,37,28,011 ആയി. കർണാടകയിൽ 4,73,007, മഹാരാഷ്‌ട്രയിൽ 3,51,005, കേരളത്തിൽ 2,77,973 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം. ഐസിഎംആറിന്‍റെ കണക്കുകൾ പ്രകാരം മെയ് 22 വരെ 33,05,36,064 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.
ദേശീയ മരണനിരക്ക് നിലവിൽ 1.13 ശതമാനമാണ്. അതേ സമയം ദേശീയ രോഗമുക്തി നിരക്ക് 88.30 ശതമാനമായി ഉയർന്നു. കർണാടക, മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് 66.88 ശതമാനം കൊവിഡ് സ്ഥിരീകരിക്കുന്നത് എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.