ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93,09,788 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 492 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 87,18,517 പേര്‍ കൊവിഡ് രോഗവിമുക്തി നേടി. ആഴ്‌ചകളിലായി രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കാണാന്‍ സാധിക്കുന്നത്. പ്രതിദിനം 50,000ത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ ഇരുപതാമത്തെ ദിവസമാണ് ഇന്ന്. നവംബര്‍ 7നാണ് അവസാനമായി 50,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
കഴിഞ്ഞ ദിവസം 11,31,204 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു. ഇതുവരെ രാജ്യത്ത് 13,70,62,749 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയില്‍ നിലവില്‍ 87,104 പേരാണ് ചികില്‍സയിലുള്ളത്. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ നിലവില്‍ 64,165 പേരാണ് ചികില്‍സയിലുള്ളത്. നിലവില്‍ രാജ്യത്തെ കൊവിഡ് രോഗവിമുക്തി 93.66 ശതമാനമാണ്.