ജഗ്‌ദീഷ്‌പൂര്‍ (ബിഹാര്‍): 18 വര്‍ഷം മുന്‍പ് പാകിസ്ഥാന്‍ സ്ഥാപിച്ച ഗിന്നസ് റെക്കോഡ് തകര്‍ത്ത് ഇന്ത്യ. ഒരേ സമയം മുക്കാല്‍ ലക്ഷത്തിലധികം പേര്‍ ചേര്‍ന്ന് ത്രിവര്‍ണ പതാക പറത്തിയാണ് ലോക റെക്കോഡ് സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.
വന്ദേ ഭാരതത്തിന്‍റെ അകമ്പടിയോടെ അഞ്ച് മിനിറ്റ് നേരം തുടര്‍ച്ചയായി 77,700 പേരാണ് പതാക പറത്തിയത്. 2004ല്‍ ലാഹോറില്‍ 56,000 പേര്‍ ഒരേ സമയം പതാക പറത്തിയതാണ് ഇതിന് മുന്‍പത്തെ റെക്കോഡ്. ഗിന്നസ് റെക്കോഡിന് വേണ്ടിയുള്ളതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിശ്ചയിക്കുന്നതിനായി ഉപകരണങ്ങളും ക്യാമറയും സജ്ജീകരിച്ചിരുന്നു.
ബിഹാറിലെ ജഗ്‌ദീഷ്‌പൂരില്‍ വച്ച് നടന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ കേന്ദ്ര മന്ത്രിമാരായ ആർ.കെ സിങ്, നിത്യാനന്ദ് റായി, ബിഹാര്‍ ഉപ മുഖ്യമന്ത്രിമാരായ തർകിഷോര്‍ പ്രസാദ്, രേണു ദേവി, മുന്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി തുടങ്ങിയവര്‍ പങ്കെടുത്തു. 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയും ജഗ്‌ദീഷ്‌പൂര്‍ രാജാവുമായിരുന്ന വീർ കുന്‍വര്‍ സിങിന്‍റെ 163-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.