ലുധിയാന: ഇന്ത്യ- പാക് വിഭജനകാലത്ത് റാവൽപിണ്ടിയിൽ നിന്നും പൂനെയിലേക്ക് കുടിയേറിയതാണ് റീന വർമ. ഇപ്പോൾ താൻ ജനിച്ചുവളർന്ന തന്‍റെ തറവാട്ടു വീട് സന്ദർശിക്കാൻ റീനക്ക് അവസരം ലഭിച്ചു. അതും 75 വർഷങ്ങൾക്ക് ശേഷം തന്‍റെ 90-ാം വയസിൽ. പരമ്പരാഗത ഡ്രംസും പുഷ്‌പ വൃഷ്‌ടിയും ഉൾപ്പെടെ ആഘോഷമായാണ് നാട്ടുകാർ റീനയെ ജന്മനാട്ടിലേക്ക് സ്വീകരിച്ചത്.
വൈകാരികമായ ഈ സന്ദർശനത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തന്‍റെ തറവാട്ടു വീട്ടിലേക്ക് സന്ദർശനം നടത്തണമെന്ന വർഷങ്ങളായുള്ള ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് റീന വർമ്മ. പാക് മന്ത്രി ഹിന റബ്ബാനിയുടെ നേരിട്ടുള്ള ഇടപെടലാണ് ഈ സന്ദർശനത്തിന് വഴിയൊരുക്കിയത്.
രണ്ട് വർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു പാകിസ്ഥാൻ പത്രപ്രവർത്തകനാണ് റീനയെ തന്‍റെ വീട് കണ്ടെത്താൻ സഹായിച്ചത്. എന്നാൽ കൊറോണ പടർന്ന് പിടിച്ചതോടെ വിസ പ്രശ്‌നങ്ങൾ ഉടലെടുത്തു. തുടർന്ന് 2021 ജൂലൈയിൽ വിഭജന കാലത്ത് വേർപിരിഞ്ഞ കുടുംബങ്ങളെ സഹായിക്കാൻ പ്രവർത്തിക്കുന്ന സംഘടനയിലെ അംഗമായ ഒരു പത്രപ്രവർകനെ റീന പരിചയപ്പെട്ടു.
തുടർന്ന് ഇയാൾ റീനയുടെ ജീവിതത്തെ സംബന്ധിച്ച് ഒരു വീഡിയോ തയ്യാറാക്കുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വൈകാതെ വീഡിയോ വൈറലാകുകയും റീനയ്‌ക്ക് വിസ അനുവദിക്കാൻ അധികാരികൾ തീരുമാനിക്കുകയുമായിരുന്നു.