ന്യൂഡൽഹി: രാജ്യത്തെ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 35 മില്യണിന്‍റെ വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഇത് മൊത്തം മാര്‍ക്കറ്റിന്‍റെ മൂന്ന് ശതമാനം വരും. ഷവോമിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ കമ്പനി. ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി)യാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചൈനീസ് കമ്പനികളായ റിയല്‍മിയും വിവോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അതേസമയം രംഗത്തെ ഭീമന്മാരായിരുന്ന സാംസങ്ങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിപ്പോർട്ട് കണക്കാക്കുന്നത് പ്രകാരം 2022 ജൂൺ പാദത്തിൽ 34.7 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്‌ഫോണുകൾ കമ്പനികള്‍ കയറ്റുമതി ചെയ്‌തു. മുന്‍ വര്‍ഷത്തില്‍ ഇത് 2.9 ശതമാനമായിരുന്നു. ഷവോമി 7.1 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്‌തത്. അതുവഴി സ്‌മാര്‍ട്ട് ഫോണ്‍ വിപണിയുടെ 20.4 ശതമാനം കമ്പനി സ്വന്തമാക്കി. എന്നാല്‍ കമ്പനിയുടെ വളര്‍ച്ചയില്‍ 28.2 ശതമാനത്തിന്‍റെ ഇടിവ് ഉണ്ടായിട്ടുണ്ട്. 2022 രണ്ടാം പാദത്തിൽ കയറ്റുമതി കുറഞ്ഞ കമ്പനിയും ഇവര്‍ തന്നെയാണ്. റെഡ്‌മി 9 എ സ്‌പോർട്ടും റെഡ്‌മി നോട്ട് 11 ഉം ആണ് കമ്പനിയുടെ കയറ്റുമതിയില്‍ നേട്ടം കൊയ്‌ത മോഡലുകള്‍.
റിയൽമിയുടെ കയറ്റുമതി 23.7 ശതമാനം വർധിച്ച് 6.1 ദശലക്ഷം യൂണിറ്റുകളായി. ഇത് 17.5 ശതമാനം വിപണി വിഹിതം നേടാൻ സഹായിച്ചു. വിവോയുടെ കയറ്റുമതി 17.4 ശതമാനം വർധിച്ച് 5.9 ദശലക്ഷം യൂണിറ്റിലെത്തി. അതുവഴി 16.9 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തു. അതേസമയം സാംസങ്ങിന്‍റെ കയറ്റുമതി 2.7 ശതമാനം ഉയർന്ന് 5.7 ദശലക്ഷമായി. ഇത് 2022 ജൂൺ പാദത്തിൽ 16.3 ശതമാനം വിപണി വിഹിതത്തിലേക്ക് നയിച്ചു.
2022ലെ രണ്ടാം പാദത്തിൽ മൂന്ന് ശതമാനം വളർച്ചയോടെ സാംസങ് നാലാം സ്ഥാനത്തേക്ക് താഴ്‌ന്നിരുന്നു. പുതിയ ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും ആവശ്യക്കാര്‍ കുറവായതാണ് ഭീഷണിയായത്. 5ജി സെഗ്‌മെന്‍റിൽ 46 ശതമാനം കയറ്റുമതിയും സാംസങ്ങിന് സ്വന്തമാണ്. 2022 ന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്‌മാര്‍ട്ട്‌ഫോൺ വിപണി ഒരു ശതമാനം ഇടിഞ്ഞ് 71 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. അവിടെ നിന്നാണ് വന്‍ കുതിപ്പ് നേടിയിരിക്കുന്നത്.
Also Read: ഷവോമി സ്‌മാർട്ട് ഫോൺ നിർമാണം വിയറ്റ്‌നാമിലേക്ക് മാറ്റി