കൊല്‍ക്കത്ത: ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായി കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ രാജ്യം ആദരാഞ്ജലി അർപ്പിക്കുകയാണ്. കെകെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ ഗാന പരിപാടിക്ക് ശേഷം ഹോട്ടലില്‍ തിരിച്ചെത്തുന്ന കൃഷ്ണകുമാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിപാടിക്കിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്നാണ് കെകെ ഹോട്ടലിലേക്ക് മടങ്ങിയെത്തിയത്. ഹോട്ടല്‍ ലോബിയില്‍ നിന്ന് മുറിയിലേക്ക് പോവുന്ന വഴിയില്‍ അദ്ദേഹം തറയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കെകെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും പൊലീസ് പറഞ്ഞു.