വാഷിങ്‌ടണ്‍ : വൈറ്റ് ഹൗസിന്‍റെ പുറത്തായുള്ള ബാരിക്കേഡിലേക്ക് വാടകയ്‌ക്കെടുത്ത യു-ഹൗള്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ 19 കാരന്‍ പിടിയില്‍. വൈറ്റ് ഹൗസിന് മുന്നില്‍ അതിക്രമം നടത്തിയ സായ് വർഷിത് കണ്ടുലയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രസിഡന്‍റ് ജോ ബൈഡനെ കൊലപ്പെടുത്താനും അധികാരം പിടിച്ചെടുക്കാനുമാണ് കൗമാരക്കാരന്‍ ട്രക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.
വൈറ്റ് ഹൗസിലേക്ക് ആക്രമണം ഇങ്ങനെ : ലഫായെറ്റ് പാർക്കിന്‍റെ വടക്ക് വശത്തുള്ള സുരക്ഷാവേലിയിലേക്കാണ് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ദിവസം 19 കാരന്‍ ട്രക്ക് ഇടിച്ചുകയറ്റിയത്. ഈ സമയം റോഡില്‍ നിരവധി കാല്‍നട യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ഇവര്‍ ഓടിയൊഴിഞ്ഞത് വലിയ അപകടമൊഴിവാക്കിയതായി വാഷിങ്‌ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. വൈറ്റ് ഹൗസിന്‍റെ ഗേറ്റുകളില്‍ നിന്ന് ദൂരെയായാണ് ആക്രമണം അരങ്ങേറിയതെങ്കിലും സംഭവത്തെ തുടര്‍ന്ന് സമീപത്തെ റോഡും നടപ്പാതയും അടച്ചു. മാത്രമല്ല വൈറ്റ് ഹൗസിന് സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അതേസമയം ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
പൊലീസ് പറയുന്നതിങ്ങനെ : മസൂറിയിലെ ചെസ്‌റ്റർഫീൽഡിൽ നിന്നുള്ള സായ് വർഷിത് കണ്ടുല, സെന്‍റ് ലൂയിസിൽ നിന്നും ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വൺവേ ടിക്കറ്റിലാണെത്തുന്നത്. അവിടെ നിന്നും വാടകയ്‌ക്കെടുത്ത ട്രക്കുമായി ഇയാള്‍ മടങ്ങുകയായിരുന്നുവെന്നാണ് ഒരു സീക്രട്ട് സർവീസ് ഏജന്‍റ് വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ ജില്ല കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാള്‍ വാഹനം വൈറ്റ് ഹൗസിന് പുറത്തുള്ള ഒരു നടപ്പാതയിലേക്കും തുടര്‍ന്ന് വൈറ്റ് ഹൗസിന് വടക്ക് വശത്തുള്ള ബാരിക്കേഡിലേക്കും ഓടിച്ചുകയറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. യു.എസ് പാർക്ക് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടുന്നതിന് മുമ്പായി ഇയാള്‍ ട്രക്ക് പിറകോട്ടെടുത്ത് ബാരിക്കേഡില്‍ വീണ്ടും ഇടിച്ചതായും രേഖയിൽ പറയുന്നു.
നീണ്ട നാളത്തെ ആസൂത്രണം : ആറുമാസമായി താൻ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി സായ് വർഷിത് കണ്ടുല തന്നെ അധികൃതരോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനായി പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള ഗ്രീന്‍ ബുക്ക് ഇയാള്‍ കരുതിയിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നു. വൈറ്റ് ഹൗസിൽ അതിക്രമിച്ചുകയറുക, അധികാരം പിടിച്ചെടുക്കുക, രാഷ്‌ട്രത്തിന്‍റെ ചുമതല ഏറ്റെടുക്കുക എന്നിവയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എങ്ങനെ അധികാരം പിടിച്ചെടുക്കുമെന്ന ഏജന്‍റുമാരുടെ ചോദ്യത്തിന്, ഇതിനായി പ്രസിഡന്‍റിനെ കൊലപ്പെടുത്തുമെന്നും തനിക്ക് മുന്നില്‍ തടസ്സമാകുന്ന എല്ലാവരെയും വേദനിപ്പിക്കുമെന്നും അക്രമി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ യുഎസിലെ ടെക്‌സസിലുണ്ടായ വെടിവയ്‌പ്പിൽ ഇന്ത്യൻ എഞ്ചിനീയർ ഉൾപ്പടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. തെലങ്കാന നൽഗൊണ്ട ജില്ലയിലെ ഹുസൂർ നഗർ സ്വദേശിയായ ഐശ്വര്യ തടികൊണ്ട (27)ആണ് ഡാലസിലെ അലൻ പ്രീമിയം ഔട്ട്‌ലെറ്റിലുണ്ടായ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. വെടിവെയ്‌പ്പിൽ ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പൊലീസ് തിരിച്ച് വെടിവച്ചതിനെ തുടർന്ന് തോക്കുധാരിയായ മൗറീഷ്യോ ഗാർഷ്യയും കൊല്ലപ്പെട്ടിരുന്നു.