വിശാഖപട്ടണം : ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണത്തെ ചെറുക്കുന്ന പി15ബി മിസൈൽ ഡിസ്‌ട്രോയർ നാവിക സേനയ്ക്ക് കൈമാറി. യുദ്ധക്കപ്പൽ ഇന്ത്യൻ നാവിക സേനയുടെ പെട്ടെന്നുള്ള പോരാട്ടങ്ങൾക്ക് മുതൽക്കൂട്ടാകുക മാത്രമല്ല ആത്മനിർഭർഭാരത് പദ്ധതിയുടെ വലിയ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നും നാവികസേന വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും നശീകരണശേഷിയുള്ള കപ്പലാണ് നാവിക സേനയ്ക്ക് കൈമാറിയത്.
മസ്‌ഗാവ് ഡോക്‌സ് ലിമിറ്റഡാണ് (എംഡിഎൽ) കപ്പൽ നിർമിച്ചിരിക്കുന്നതെന്നും ഒക്‌ടോബർ 28നാണ് കപ്പൽ സേനക്ക് കൈമാറിയതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. 2011 ജനുവരി 28നാണ് പ്രൊജക്‌ട് 15 ബിയിൽ പെടുന്ന നാല് കപ്പലുകൾക്കുള്ള കോൺട്രാക്‌റ്റിൽ ഏർപ്പെടുന്നത്.
കഴിഞ്ഞ ദശകത്തിൽ കമ്മിഷൻ ചെയ്‌ത കൊൽക്കത്ത ക്ലാസ് (പ്രോജക്റ്റ് 15എ) ഡിസ്ട്രോയറുകളുടെ അടുത്ത ശ്രേണിയിലാണ് (പ്രൊജക്ട് 15ബി) മോർമുഗാവും മറ്റ് മൂന്ന് കപ്പലുകളും വരുന്നത്. ശ്രേണിയിലെ ആദ്യ കപ്പൽ ഐഎൻഎസ് വിഖാഖപട്ടണം 2015ലാണ് നീറ്റിലിറക്കിയത്. തുടർന്ന് ഇത് 2018ൽ സേനയുടെ ഭാഗമായി.
ALSO READ: നരേന്ദ്രമോദിക്കായി വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാന്‍
ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ എന്നിവയാണ് കൊൽക്കത്ത ക്ലാസിലെ മൂന്ന് കപ്പലുകൾ. ഇവയ്ക്ക് പൂർണമായ അന്തരീക്ഷ നിയന്ത്രണ സംവിധാനം (ടിഎസി) ഇല്ലായിരുന്നു.
എന്നാൽ വിശാഖപട്ടണം ക്ലാസിൽ ഈ സാങ്കേതിക വിദ്യയുണ്ട്. അതായത് ആണവ, ജൈവ, രാസായുധങ്ങൾ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തിലും ഇവ പ്രവർത്തിപ്പിക്കാം. ആണവ, ജൈവ, രാസായുധ ഫിൽട്ടറിലൂടെ കടത്തിവിടുന്ന വായുവാണ് കപ്പലിനുള്ളിലെത്തുന്നത്.