ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആപത്കരവും ഒഴിവാക്കാനാകാത്തതുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിരോധ മാർഗങ്ങൾ ഒഴിവാക്കരുതെന്ന് ഐഎംഎ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. വാക്സിനേഷൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ മൂന്നാം തരംഗത്തിന്‍റെ ആഘാതം കുറക്കാനാകുമെന്ന് ഐഎംഎ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
മൂന്നാം തരംഗത്തെ ലഘൂകരിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട നിർണായക സമയത്ത് രാജ്യത്തിന്‍റെ പല ഭാഗത്തും സർക്കാരും പൊതുജനങ്ങളും അലംഭാവം കാണിക്കുകയാണെന്നും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ കൂട്ടംകൂടുകയാണെന്നും ഐഎംഎ പറഞ്ഞു. വിനോദയാത്ര, തീർഥാടനം, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കായി കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കാമെന്നും കുറിപ്പിൽ പറയുന്നു.
Also Read: "മാതൃകവചം": മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേരളം
വാക്സിനേഷൻ സ്വീകരിക്കാതെ ആളുകളെ ഇത്തരം സ്ഥലങ്ങളിൽ പോകാൻ അനുവദിക്കുന്നത് മൂന്നാം തരംഗത്തിന് ആക്കം കൂട്ടുകയാണ്. കൊവിഡ് രോഗിയെ ചികിത്സിക്കുന്നതിന്‍റെ അനന്തരഫലങ്ങളും സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ആഘാതവും ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിലൂടെ രാജ്യത്തിന് ഏൽക്കുന്ന സാമ്പത്തിക നഷ്ടത്തേക്കാൾ വളരെ വലുതായിരിക്കും. കുറഞ്ഞത് മൂന്ന് മാസം കൂടി കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതും വാക്സിനേഷൻ സ്വീകരിക്കേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഐഎംഎ അറിയിച്ചു.