ഹൈദരാബാദ്: ഇന്ത്യക്കാരുള്‍പ്പെട്ട ചൂതാട്ട റാക്കറ്റിനെ പിടികൂടി തായ്‌ലന്‍ഡ് ലോക്കല്‍ പൊലീസ്. പട്ടായയിലെ ആഡംബര ഹോട്ടലിൽ വച്ച് 83 ഇന്ത്യക്കാർ ഉൾപ്പെടെ 93 ചൂതാട്ടക്കാരെയാണ് തായ്‌ലന്‍ഡ് പൊലീസ് പിടികൂടിയത്. ചൂതാട്ട സംഘാടകനായ ഹൈദരാബാദില്‍ നിന്നുള്ള ചിക്കോട്ടി പ്രവീണും അറസ്‌റ്റ് ചെയ്‌തവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് തായ്‌ലന്‍ഡ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
റെയ്‌ഡ് ഇങ്ങനെ: തായ്‌ലന്‍ഡിലെ ബാങ് ലമുങ് ജില്ലയിലെ എഷ്യ പട്ടായ ഹോട്ടലില്‍ പൊലീസ് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്‌ഡിലാണ് സംഘം പിടിയിലാകുന്നത്. പൊലീസെത്തുമ്പോള്‍ വലിയൊരു സംഘം ചൂതാട്ട മത്സരങ്ങളില്‍ സജീവമായിരുന്നു. പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇത് വിഫലമായി. സംഭവത്തില്‍ പിടിയിലായ 93 പേരില്‍ 83 ഇന്ത്യക്കാരും ആറ് തായ്‌ലന്‍ഡ് പൗരന്മാരും നാല് മ്യാന്‍മര്‍ സ്വദേശികളുമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ടെടുത്തത് ഇവയെല്ലാം: രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്. ചൂതാട്ട സംഘത്തില്‍ നിന്നും 1.60 ലക്ഷം ഇന്ത്യന്‍ കറന്‍സിയും, 20 കോടി രൂപ വില വരുന്ന ചൂതാട്ട ചിപ്പുകളും, 92 മൊബൈല്‍ഫോണുകളും എട്ട് സിസിടിവി ക്യാമറകളും പൊലീസ് കണ്ടെടുത്തു. മാത്രമല്ല ഹോട്ടല്‍ കേന്ദ്രീകരിച്ച് 100 കോടി രൂപയുടെ ചൂതാട്ടം നടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ചൂതാട്ടത്തിന് ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നതാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
ഇ.ഡിയുടെ അന്വേഷണ നിഴലില്‍: 2022 ജൂലൈ 29 ന് കാസിനോ സംഘാടകനായ ചിക്കോട്ടി പ്രവീൺ കുമാറിന്‍റെ ഹൈദരാബാദിലുള്ള ഐഎസ് സദനിലും അദ്ദേഹത്തിന്‍റെ സഹായി മാധവ റെഡ്ഡിയുടെ ബൊയിൻപള്ളിയിലെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു. തൊട്ടുപിന്നാലെ ജൂലൈ 30 ന് പ്രവീൺ കുമാറിന്‍റെ തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ കടത്തലിലുള്ള ഫാംഹൗസിലും മറ്റ് സ്ഥലങ്ങളും ഇ.ഡി റെയ്‌ഡ് നടത്തിയിരുന്നു. മറ്റുള്ളവരുമായി ചേർന്ന് നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിഐപികൾക്കായി കാസിനോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു ഇ.ഡിയുടെ പരിശോധന. മാത്രമല്ല 2022 ഓഗസ്‌റ്റിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ടിന്‍റെ (ഫെമ) ലംഘനവുമായി ബന്ധപ്പെട്ട് കാസിനോ സംഘാടകനായ ചിക്കോട്ടി പ്രവീൺ കുമാറിനെയും സഹായി മാധവ റെഡ്ഡിയെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്‌തിരുന്നു.
മുമ്പും പരിശോധനകള്‍: അടുത്തിടെ ഗോവയിലെ പനാജിയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 15 പേര്‍ അറസ്റ്റിലായിരുന്നു. പനാജി വര്‍കയിലെ അനധികൃതമായി നടത്തുന്ന കാസിനോയില്‍ കോള്‍വ, മാര്‍ഗാവോ ടൗണ്‍ പൊലീസ് സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ഗുജറാത്ത്, ഗോവ സ്വദേശികള്‍ അറസ്‌റ്റിലായത്. 6,90,000 രൂപ വിലമതിക്കുന്ന വിവിധ നിറങ്ങളിലുള്ള ചിപ്പുകളും കാര്‍ഡുകളും ഉപയോഗിച്ചാണ് പ്രതികള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തുവെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.