ടൊറണ്ടോ: യുഎസ്-കാനഡ അതിര്‍ത്തിയായ മനിടോബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാലംഗ ഇന്ത്യന്‍ കുടുംബത്തെ കനേഡിയന്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. ഒരു കുട്ടിയടങ്ങുന്ന നാലംഗ കുടുബത്തിന്‍റെ മൃത ശരീരങ്ങള്‍ അതി ശൈത്യത്തില്‍ മരവിച്ച നിലയിലാണ് കാണപ്പെട്ടത്.
ജഗദീഷ് ബല്‍ദേവ്ബായി പട്ടേല്‍ (39), വൈശാലിബെന്‍ ജഗദീഷ്‌കുമാര്‍ പട്ടേല്‍ (37), വൈശാങ്കി ജഗദീഷ്‌കുമാര്‍ പട്ടേല്‍ (11), ധാര്‍മിക് ജഗദീഷ്‌കുമാര്‍ പട്ടേല്‍ (3) എന്നിവരുടെ മൃതശരീരങ്ങളാണ് തിരിച്ചറിഞ്ഞത്. ഈ മാസം 19നാണ് ഇവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ അടുത്ത കുടുംബഗങ്ങളെ വിവരം അറിയിച്ചതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു.
ഇവരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും കനേഡിയന്‍ അധികൃതരും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഹൈക്കമ്മീഷണര്‍ അറിയിച്ചു.
ഈ ദുഖകരമായ സംഭവം കുടിയേറ്റം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതിന്‍റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും ഏജന്‍സി വഴിയാണോ കാനഡയിലേക്ക് ഈ കുടുംബം യാത്ര തിരിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഗുജറാത്ത് പൊലീസ് വ്യക്തമാക്കി.
അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ ഇന്ത്യയും കാനഡയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.