ന്യൂഡൽഹി: രാജ്യത്തെ സാങ്കേതിക വിദ്യയിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരുന്നതിൽ ഇന്ത്യൻ പ്രവാസി യുവജനങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. യുവാക്കളിലുള്ള കണ്ടുപിടിത്തത്തിനായുള്ള ത്വരയും രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും വികസനത്തിനായി സംഭാവന ചെയ്യാനുള്ള അഭിനിവേശവും ഇന്ത്യയുടെ സാങ്കേതിക വിദ്യ നവീകരിക്കുന്നതിൽ വളരെ ഉപകാരപ്രദമാണ്.
പ്രവാസി യുവാക്കൾ അവർ താമസിക്കുന്ന രാജ്യത്തെ കമ്പനികൾ, ഉൽപ്പന്നങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയും ഇന്ത്യയുമായുള്ള പാലമായി വർത്തിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച ആശയങ്ങളും ഉൽപ്പന്നങ്ങളും അവർക്ക് പരിചിതമാണെന്നും അമിതാഭ് കാന്ത് പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളാണ് ഇന്ത്യയുടെയും ലോകത്തിന്‍റെയും ഭാവി. ഭാവിയിലേക്കുള്ള മികച്ച ആശയങ്ങൾ നൽകാൻ യുവജനങ്ങൾക്ക് കഴിയും. നിലവിലുള്ള സാങ്കേതിക വിദ്യയും യുവാക്കളുടെ നൂതന ആശയങ്ങളും ഉപയോഗപ്പെടുത്തി ഇന്ത്യയേയും ലോകത്തെയും വികസനത്തിലേക്കെത്തിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ സൃഷ്‌ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാങ്കേതിക വിദ്യയിൽ അഭൂതപൂർവമായ വളർച്ചയ്‌ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഒരു ബില്യൺ മൂല്യം വരുന്ന മൂന്നിലധികം സ്റ്റാർട്ടപ്പുകളാണ് ഓരോ വർഷവും ഇന്ത്യയിൽ ഉണ്ടാകുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി.
രാജ്യത്ത് ഓരോ മൂന്ന് സെക്കൻഡിലും ഒരു പുതിയ ഇന്‍റർനെറ്റ് ഉപയോക്താവാണ് ഉണ്ടാകുന്നത്. 750 ദശലക്ഷത്തിലധികം ആളുകൾ രാജ്യത്ത് സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്. അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയിലൂടെ ആറ് ലക്ഷം ഗ്രാമങ്ങൾ ഡിജിറ്റലായി മാറിയെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ വികസനത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകളെ അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും ജനുവരി 9നാണ് രാജ്യത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.
Also Read: പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും