ശ്രീനഗര്‍ (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരിലെ ഉറി നിയന്ത്രണരേഖയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ ദൃശ്യം പുറത്ത് വിട്ട് ഇന്ത്യന്‍ സൈന്യം. ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച മൂന്ന് തീവ്രവാദികളെയും ഇന്നലെ (25.08.2022) സേന വധിച്ചിരുന്നു.
നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാക് ഭീകരവാദികളെ ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ സൈന്യം കണ്ടെത്തുകയായിരുന്നു. തീവ്രാദികളുടെ നുഴഞ്ഞ് കയറ്റത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് മേഖലയില്‍ സേന നേരത്തെ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൈന്യവും ബാരാമുള്ള പൊലീസും സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് കമാൽകോട്ട് സെക്‌ടറിലെ മഡിയൻ നാനാക് പോസ്റ്റിന് സമീപത്ത് നിന്നാണ് മൂന്നംഗ സംഘത്തെ വധിച്ചത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തിരുന്നു.
ജമ്മുവിലെ രജൗരി മേഖലയിൽ അടുത്തിടെ സമാനമായ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം കമാല്‍കോട്ടിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തെ സമാധാനം തകർക്കാൻ പടിഞ്ഞാറൻ അതിർത്തികളിലൂടെ ശത്രുക്കള്‍ നേരിട്ട് ശ്രമങ്ങള്‍ നടത്തുകയാണെന്ന് സൈന്യം പറഞ്ഞു.