ഷോപ്പിയാൻ (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ ഷോപിയാനില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരനെയാണ് സുരക്ഷാ സൈന്യം വധിച്ചത്. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ കമ്രാന്‍ ഭായ് ഹനീസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഇന്ത്യക്കാരനല്ലെന്നാണ് വിവരം.
ഇന്ന് പുലർച്ചെയാണ് ഷോപ്പിയാനിലെ കപ്രെൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഹനീസ് കുല്‍ഗാം-ഷോപ്പിയാന്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി കശ്‌മീര്‍ എഡിജിപി പറഞ്ഞു. കൂടുതല്‍ ഭീകരർക്കായി മേഖലയില്‍ പരിശോധന ശക്തമാക്കിയതായി സുരക്ഷാ വിഭാഗങ്ങള്‍ അറിയിച്ചു.