ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ വിദൂര ഗ്രാമങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് സഹായവുമായി ഇന്ത്യന്‍ സെെന്യം. ബാരാമുള്ള ആരോഗ്യ വിഭാഗവുമായി ചേര്‍ന്നാണ് വിദൂര പ്രദേശങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സെെന്യം പങ്കാളിയാവുന്നത്.
പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ ജനങ്ങള്‍ പ്രയാസപ്പെടുന്ന പ്രദേശങ്ങളിലാണ് ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് സൈന്യം ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൈന്യത്തിനും ആരോഗ്യ വകുപ്പിനും നന്ദി പറയുന്നതായി പ്രദേശ വാസികള്‍ അറിയിച്ചു.
also read: പ്രതിഷേധം ഫലം കണ്ടു ; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു
'ഗ്രാമത്തിൽ നിന്നും പുറത്ത് ഇറങ്ങാനുള്ള വഴി അപകടകരമാണ്. എല്ലാവർക്കും ഇവിടെ നിന്ന് പുറത്തുപോകാൻ കഴിയില്ല. ഇവിടെയെത്തി വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതിന് ഇന്ത്യൻ സൈന്യത്തിനും ഭരണകൂടത്തിന് നന്ദി പറയുന്നു'. പ്രദേശവാസിയായ മുഹമ്മദ് റാഫിക് പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികള്‍ നേരിടാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് ലഫ്റ്റനന്‍റ് കേണൽ പ്രിൻസ് രോഹിത് പറഞ്ഞു. ചൊവ്വാഴ്ച ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കശ്മീരിൽ 1184 പുതിയ കൊവിഡ് കേസുകളാണുള്ളത്. 2880 പേര്‍ രോഗമുക്തി നേടുകയും 11 പേര്‍ മരണപ്പെടുകയും ചെയ്തു.