ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ഉടൻ പരിഹാരമാകാൻ നടപടികൾ ഊർജിതമാകുന്നു. കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്ന് പിൻവാങ്ങാൻ ഇരു രാജ്യങ്ങളുടെ സൈന്യം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. നവംബർ ആറിന് ചുഷുലിൽ നടന്ന കമാൻഡർ തല ചർച്ചയിലാണ് ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് പദ്ധതിയിട്ടത്. വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തവ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ബ്രിഗേഡിയർ ഗായ് എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഒരാഴ്‌ചയ്ക്കുള്ളിൽ മൂന്ന് ഘട്ടങ്ങളായി പിൻവാങ്ങൽ നടപ്പാക്കണം. കവചിത വാഹനങ്ങളും ടാങ്കുകളും ഉൾപ്പെടെ മുൻനിരയിൽ വിന്യസിച്ച സായുധ സൈന്യമാണ് ആദ്യ ഘട്ടത്തിൽ മാറേണ്ടത്. രണ്ടാം ഘട്ടത്തിൽ പാങ്കോങ് തടാകത്തിലെ വടക്കൻ തീരത്തിന് സമീപത്തെ സൈന്യം പിൻവാങ്ങണം. ഇരുപക്ഷവും 30 ശതമാനം സൈനികരെ വീതം മൂന്ന് ദിവസം പിൻവലിക്കണം. മൂന്നാമത്തേതും ഒടുവിലത്തേതുമായ ഘട്ടത്തിൽ പാങ്കോങ് തടാകത്തിന്‍റെ തെക്കേ തീരത്തുൾപ്പെടുന്ന ചുഷുൾ, റെസാങ് ലാ പ്രദേശത്ത് നിന്നും ഇരുപക്ഷവും പിന്മാറണം. പിൻവാങ്ങൽ പ്രക്രിയ പരിശോധിക്കുന്നതിനായി ആളില്ലാ വാഹനങ്ങൾ ഉപയോഗിക്കാൻ (യു.എ.വി.കൾ) ഇരുപക്ഷവും ചർച്ചയിൽ സമ്മതം അറിയിച്ചിരുന്നു.