ന്യൂഡൽഹി: എൽഎസിയുടെ ശേഷിക്കുന്ന പ്രദേശങ്ങളിൽ നിന്നും സൈന്യങ്ങളെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈനീസ് സേനയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പുതിയ സൈനിക ചർച്ച ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. ഈ തീരുമാനത്തിലൂടെ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധത്തിന്‍റെ പുരോഗതിയിലേക്ക് സാഹചര്യങ്ങൾ ഒരുക്കുമെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
മാർച്ച് 12ന് നടന്ന ഡബ്ലിയുഎംസിസി യോഗത്തിൽ മുതിർന്ന കമാൻഡർമാരുടെ യോഗത്തിന്‍റെ 11-ാം റൗണ്ട് ചർച്ചകൾക്ക് ഇരുപക്ഷവും സമ്മതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.