മൊഹാലി : അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 158 റൺസെടുത്തു. ഇന്ത്യ 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു(First T20 Match Against Afghanistan India Won by Six Wicket).
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായി 11 മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യക്ക് ട്വന്‍റി20 മത്സരത്തിൽ ടോസ് ലഭിക്കുന്നത്. നാല് ഓവറില്‍ 23 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഇടങ്കയ്യൻ സ്പിന്നർ അക്ഷർ പട്ടേലാണ് അഫ്‌ഗാനെ വലിയ സ്കോർ നേടുന്നതിൽ നിന്നു തടഞ്ഞത്.
മുകേഷ് കുമാർ 33 റൺസിനും രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവര്‍ എറിഞ്ഞ ശിവം ദുബെ ഒമ്പത് റൺസിന് ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ റണ്ണൗട്ടായി. നാലാം നമ്പറിലിറങ്ങിയ ശിവം ദുബെയ്ക്ക് മറുവശത്ത് താളം കണ്ടെത്താനായതാണ് ടീമിന് രക്ഷയായത്.
40 പന്തിൽ 60 റൺസെടുത്ത ദുബെ പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ 16 റൺസെടുത്ത റിങ്കു സിങ്ങും പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.