ഹൈദരാബാദ്: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്(25.09.2022) ഹൈദരാബാദിൽ നടക്കും. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസീസ് തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബോളിങ് നിരയാണ് പ്രധാന തലവേദന. ഏഷ്യ കപ്പിലും ഇന്ത്യയുടെ പ്രധാന പ്രശ്‌നമായിരുന്ന ബോളിങ് ഓസീസിനെതിരായ പരമ്പരയിലും പുരോഗമനമില്ലാതെ തുടരുകയാണ്. ഹർഷൽ പട്ടേലിന്‍റെയും യുസ്‌വേന്ദ്ര ചഹലിന്‍റെയും ബോളിങ്ങാണ് പ്രധാനമായും ഇന്ത്യയെ അലട്ടുന്നത്. സീനിയർ ബോളർ ഭുവനേശ്വർ കുമാറിന്‍റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല.
പരിക്കിൽ നിന്ന് മുക്‌തനായി എത്തിയതിനാൽ തന്നെ ഹർഷൽ പട്ടേലിന് താളം കണ്ടെത്താൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. പരമ്പരയിൽ ആറ് ഓവറിൽ 13.50 എന്ന എക്കോണമിയിൽ 81 റണ്‍സാണ് ഹർഷൽ വഴങ്ങിയത്. ഒറ്റ വിക്കറ്റ് പോലും നേടാനും താരത്തിന് സാധിച്ചിട്ടില്ല. നിലവിൽ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ജസ്‌പ്രീത് ബുംറയും സ്‌പിന്നർ അക്‌സർ പട്ടേലും മാത്രമാണ് ഇന്ത്യയുടെ ബോളിങ് പ്രതീക്ഷ.
ബാറ്റിങ് നിരയിൽ രോഹിത്, കെഎൽ രാഹുൽ, വിരാട് കോലി എന്നിവരടങ്ങുന്ന ശക്‌തമായ ടോപ്പ് ഓർഡർ കൂടുതൽ സ്ഥിരത പുലർത്തേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ രോഹിത് ശർമ തിളങ്ങിയിരുന്നു. മധ്യനിരയിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരും അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കും തകർത്തടിച്ചാൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോറുകൾ കണ്ടെത്താനാകും.
മറുവശത്ത് ഓസീസും തങ്ങളുടെ ബോളിങ് നിരയിൽ ആശാങ്കാകുലരാണ്. രണ്ടാം ടി20യിൽ മികച്ച സ്‌കോർ നേടിയിട്ടും ബോളർമാരുടെ പോരായ്‌മ കൊണ്ടാണ് ഓസീസ് തോൽവിയിലേക്ക് നീങ്ങിയത്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഡാനിയൽ സാംസ് തുടങ്ങിയ പേസ് നിര മികച്ച രീതിയിൽ അടി വാങ്ങുന്നത് ടീമിന് തലവേദനയായിരിക്കുകയാണ്. ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ധാരാളം റണ്‍സ് വഴങ്ങുന്നുണ്ട്.
എവിടെ കാണാം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് കളി ആരംഭിക്കുക.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്‌പ്രീത് ബുംറ, ദീപക് ചാഹര്‍.
ഓസ്‌ട്രേലിയ: സീൻ ആബട്ട്, ആഷ്‌ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ആരോൺ ഫിഞ്ച്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്‌സൺ, ഡാനിയൽ സാംസ്, സ്റ്റീവ് സ്‌മിത്ത്, മാത്യൂ വെയ്‌ഡ്, ആദം സാംപ.