ഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും വലിയ ഹൈവേയായ ഡൽഹി-മുംബൈ എക്സ്‌പ്രസ് ഹൈവേ 2022 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചു. ഗുജറാത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.
ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് വരെ നീളുന്ന അതിവേഗ പാത 1,380 കിലോ മീറ്റർ നീളത്തിലാണ് നിർമിക്കുന്നതെന്നും എന്നാൽ നരിമാൻ പോയിന്‍റ് വരെ ഹൈവേ നീട്ടാൻ ആലോചിക്കുന്നതായും നിതിൻ ഗഡ്കരി അറിയിച്ചു.
മുൻപ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിച്ചേരാൻ ട്രക്കിൽ 48 മണിക്കൂറും കാറിൽ 24-26 മണിക്കൂറും സമയം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ട്രക്കിൽ 18-20 മണിക്കൂറും കാറിൽ 12-13 മണിക്കൂറും സമയം മാത്രമാണ് ആവശ്യമായി വരുന്നതെന്ന് ഗഡ്കരി പറഞ്ഞു.
രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര ജില്ലകളിൽ കൂടിയും അതിവേഗ പാത കടന്നുപോകുന്നതിനാൽ പദ്ധതി വഴി ഈ പ്രദേശങ്ങളിൽ വികസനം സാധ്യമാകുമെന്നും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
അതിവേഗ പാത ഡൽഹിയിലെ നഗര കേന്ദ്രങ്ങളെ ഡൽഹി-ഫരീദാബാദ്-സോഹ്ന ഇടനാഴി വഴി ജേവാർ വിമാനത്താവളം, ജവഹർലാൽ നെഹ്റു തുറമുഖം എന്നിവയിലേക്കും മുംബൈയിലേക്കും ബന്ധിപ്പിക്കും.
Also Read: പഞ്ചാബ് കോൺഗ്രസിൽ രാഷ്ട്രീയ പോരാട്ടം; ഇന്ന് നിയമസഭ കക്ഷി യോഗം