മെല്‍ബൺ: ഇന്ത്യൻ ടെന്നിസ് സൂപ്പർ താരം സാനിയ മിർസ വിരമിക്കുന്നു. 2022ലെ സീസണിന് ശേഷം ടെന്നിസ് കോർട്ടിനോട് വിടപറയുമെന്നാണ് താരം വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പണില്‍ ഡബിൾസ് വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷമാണ് മുപ്പത്തഞ്ചുകാരിയായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കുഞ്ഞിന് ജന്മം നല്‍കിയ ശേഷം 2019 മാർച്ചിലാണ് താരം വീണ്ടും കളിക്കളത്തിലെത്തിയത്. ' വിരമിക്കാൻ നിരവധി കാരണങ്ങളുണ്ട്. ഒരിക്കലും വളരെ സിംപിളായ കാര്യമല്ല, കളിക്കളത്തോട് വിടപറയുന്നത്. മകന് മൂന്ന് വയസായി. അവനുമായി ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്'. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തില്‍ സാനിയ മിർസ വ്യക്തമാക്കി.
ALSO READ: വാക്‌സിനെടുക്കാത്ത ജോക്കോയ്‌ക്ക് കൂടുതല്‍ കുരുക്ക് ; മാഡ്രിഡ് ഓപ്പണിനിറക്കില്ലെന്ന് സര്‍ക്കാര്‍
പരിക്കും പ്രായവും കളിക്കളത്തില്‍ ദീർഘനാൾ തുടരുന്നത് അനുവദിക്കുന്നില്ലെന്നും ഗ്രാന്‍റ്സ്ലാം നേടുന്ന ആദ്യ വനിത താരം കൂടിയായ സാനിയ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിലും കോമൺവെല്‍ത്ത് ഗെയിംസിലും സാനിയ ഇന്ത്യയ്ക്കായി മെഡലുകൾ നേടിയിട്ടുണ്ട്. സിംഗിൾസ് മത്സരങ്ങളില്‍ നിന്ന് സാനിയ 2013ല്‍തന്നെ വിരമിച്ചിരുന്നു. ഡബിൾസ് മത്സരങ്ങളില്‍ തിളങ്ങിയ സാനിയ ലോകത്തെ പ്രമുഖ താരങ്ങളില്‍ പലരെയും അട്ടിമറിച്ചിട്ടുണ്ട്.